ഡിവൈഎഫ്‌ഐ വിചാരിച്ചാല്‍ തൂത്തുവാരിയിട്ട് അടിക്കാന്‍ പറ്റുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരേയുള്ളൂ; സിപിഐഎം നേതാവ്

വിവാദങ്ങള്‍ക്കിടെ കെ യു ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഐഎം പെരുന്നാട് ഏരിയാ സെക്രട്ടറി എം എസ് രാജേന്ദ്രന്‍

dot image

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ കെ യു ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഐഎം പെരുന്നാട് ഏരിയാ സെക്രട്ടറി എം എസ് രാജേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലാത്ത കാട്ടുപന്നി സ്‌നേഹം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടെന്ന് സിപിഐഎം പത്തനംതിട്ട പെരുനാട് ഏരിയ കമ്മിറ്റി സെക്രട്ടറി എം എസ് രാജേന്ദ്രന്‍ പറഞ്ഞു.

കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ ഇനിയും ഫോറസ്റ്റ് ഓഫീസില്‍ പോകും. കാക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐക്കാര്‍ വിചാരിച്ചാല്‍ തൂത്തുവാരിയിട്ട് അടിക്കാന്‍ പറ്റുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരേ നാട്ടിലുള്ളുവെന്നും എം എസ് രാജേന്ദ്രന്‍ പറഞ്ഞു. കോന്നി ഡിഎഫ് ഒ ഓഫീസിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എം എസ് രാജേന്ദ്രന്‍.

കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തിനായി വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം കെ യു ജനീഷ് കുമാര്‍ എംഎല്‍എ നടുവത്തുമൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഇതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് എംഎല്‍എ കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു എന്നാണ് ആക്ഷേപം. അതേസമയം ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താന്‍ ഈ കേസില്‍ ഇടപെട്ടത് എന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കെ യു ജനീഷ് കുമാര്‍ പറഞ്ഞു.

Content Highlights: CPIM Leader M S Rajendran Support K U Jenish Kumar MLA

dot image
To advertise here,contact us
dot image