
മലപ്പുറം: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. മനുഷ്യന്‍ മരിക്കുമ്പോള്‍ ചിരിക്കുകയും മൃഗങ്ങള്‍ മരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന വനം മന്ത്രിയാണ് കേരളത്തിന്റേതെന്ന് വി എസ് ജോയ് പറഞ്ഞു. വനംമന്ത്രിയുടെ കൈയ്യും കാലും കെട്ടി കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയത്തില്‍ ഈ നാട്ടിലെ ജനങ്ങള്‍ ജീവിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകൂ എന്നും വി എസ് ജോയി രൂക്ഷഭാഷയിൽ വിമർശിച്ചു. കാളികാവില്‍ ടാപ്പിങ് തൊഴിലാളി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലാണ് പ്രസംഗം.
'മനുഷ്യന്‍ മരിക്കുമ്പോള്‍ ചിരിക്കുകയും മൃഗങ്ങള്‍ മരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന കടല്‍ക്കിഴവനാണ് കേരളത്തിന്റെ വനംമന്ത്രി. അയാളുടെ കൈയ്യും കാലും കെട്ടി കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയത്തില്‍ ഈ നാട്ടിലെ ജനങ്ങള്‍ ജീവിക്കുന്നത് എങ്ങനെയെന്ന് അയാള്‍ക്ക് മനസ്സിലാകൂ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ചുടുകട്ട ഞങ്ങള്‍ക്ക് എടുക്കേണ്ടി വരും', വി എസ് ജോയ് പറഞ്ഞു. കേരളത്തില്‍ ജനാധിപത്യം അല്ല മൃഗാധിപത്യമാണ് നടക്കുന്നത്. നഷ്ടപരിഹാരം മാത്രമല്ല, നടപടി ഉണ്ടാകണം. ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും വി എസ് ജോയ് പറഞ്ഞു.
ഇന്നലെ രാവിലെയായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നത്. ഒപ്പമുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. നരഭോജി കടുവയെ പിടികൂടാന്‍ ഉള്ള ദൗത്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്. ഡോക്ടര്‍ അരുണ്‍ സെക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കാളികാവ് അടക്കാക്കുണ്ട് റാവുത്തന്‍ മലയില്‍ ഇന്നലെ രാത്രി മുതല്‍ പരിശോധന ആരംഭിച്ചു. കുങ്കി ആനകളെയും എത്തിച്ചിട്ടുണ്ട്. മയക്കുവെടി വെക്കാന്‍ എത്തിയ സംഘത്തിന് പുറമേ 50 അംഗ ആര്‍ ആര്‍ ടി സംഘവും കാളികാവില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഭൂ പ്രകൃതി വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് ദൗത്യസംഘം വ്യക്തമാക്കി.
Content Highlights: Malappuram DCC President V S Joy Against a k saseendran