യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നത് പതിവ്; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ വ്യാപകപരാതിയുമായി എയർപോർട്ടിനടുത്തുള്ളവർ

എയ‌‍ർപോ‍ർട്ട് റോഡിലൂടെ ബൈക്കിൽ പോകുന്ന വഴിയാണ് സിഐഎസ്എഫുകാർ ഭീഷണിപ്പെടുത്തിയത് എന്ന് വിദ്യാർത്ഥികൾ

dot image

കൊച്ചി: തുറവൂ‍ർ സ്വദേശി ഐവിൻ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെ കേസിന് പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പരാതിയുമായി എയർപോർട്ടിനടുത്തുള്ളവർ. കഴിഞ്ഞ ദിവസം വാഹനത്തിൽ പോകുമ്പോൾ വിദ്യാർത്ഥിയെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി എന്നും സമാനമായ രീതിയിലുള്ള സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും പ്രദേശത്തുള്ളവർ റിപ്പോർട്ടറിനോട് പറഞ്ഞു. എയ‌‍ർപോ‍ർട്ട് റോഡിലൂടെ ബൈക്കിൽ പോകുന്ന വഴിയായിരുന്നു വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത്.

ദുരനുഭവം നേരിട്ട വിദ്യാർത്ഥി സംഭവത്തെക്കുറിച്ച് റിപ്പോർട്ടറിനോട് പങ്കുവെച്ചത് ഇങ്ങനെയാണ്

എയർപോർട്ട് റോഡിൽ നിന്ന് വാഹനം യൂടേണ്‍ എടുക്കുന്നതിനിടെയായിരുന്നു സംഭവം. എതിർവശത്ത് നിന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം വരികയും തങ്ങളുടെ ബെെക്കുമായി ഉരസുകയും ചെയ്തു. ഇതിൽ പ്രകോപിതരായ സിഐഎസ്എഫുകാർ തിരികെ വന്ന് ദേഷ്യപ്പെട്ട് ലൈസൻസ് ആവശ്യപ്പെട്ടു. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന തന്റെ സുഹൃത്ത് തലകറങ്ങി വീണു എന്നാണ് യുവാവ് വിശദീകരിച്ചത്. തുടർന്ന് തങ്ങൾ ക്ഷമപറഞ്ഞ ശേഷമാണ് വെറുതെ വിട്ടത് എന്നും വിദ്യാ‍ർത്ഥികൾ റിപ്പോ‍ർട്ടറിനോട് പറഞ്ഞു.

കരിയാട് മേഖലയിൽ വാടകയ്ക്ക് താമസിക്കുന്ന സി ഐ എസ് എഫുകാർ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും ഉയർന്നു. കഴിഞ്ഞ ദിവസം റോങ് സൈഡ് വന്ന് വാഹനാപകടം ഉണ്ടാക്കി ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ കടന്നുകളയാൻ ശ്രമിച്ചുവെന്ന് നാട്ടുകാർ ആരോപിച്ചു. മാലിന്യം തള്ളുന്നത് തടഞ്ഞ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഇന്നലെയാണ് നെടുമ്പാശ്ശേരിയില്‍ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് കൊലപ്പെടുത്തിയത്.ഒരു കിലോമീറ്ററോളം ബോണറ്റിൽ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം. എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്.

Content Highlights: Another complaint about CISF personnel at Nedumbassery Airport

dot image
To advertise here,contact us
dot image