
ന്യൂഡല്‍ഹി: നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാജ്യസഭാ എം പി എ എ റഹീം. നെഹ്റുവിനോട് വലിയ വെറുപ്പാണ് മോദിസര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് റഹീം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ആയിരിക്കുമ്പോഴും ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ സെക്കുലര്‍ നിലപാടുകളും എല്ലായ്പ്പോഴും നെഹ്റുവിനെ സംഘപരിവാറിന്റെ കടുത്ത ശത്രു ആക്കിയിട്ടുണ്ടെന്നും എ എ റഹീം പറഞ്ഞു. പേരുമാറ്റം തിരുത്തണം എന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നെഹ്റുവിനെ 'പുറത്താക്കി' രാഷ്ട്രീയം കളിക്കാതെ നെഹ്റു യുവകേന്ദ്രയെ ശാക്തീകരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെ പേടിയാണ് സംഘപരിവാറിനെന്നും ചരിത്ര ബിംബങ്ങളെ ഇല്ലാതാക്കിയാല്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തതും ഗാന്ധിവധവുമെല്ലാം പുതിയ തലമുറ മറന്നു പോകുമെന്നാണ് അവരുടെ ധാരണയെന്നും റഹീം കുറ്റപ്പെടുത്തി.
1972 ലാണ് നെഹ്‌റു യുവ കേന്ദ്ര പ്രവര്‍ത്തനം ആരംഭിച്ചത്. യുവജനങ്ങള്‍ക്കായി വിവിധങ്ങളായ പദ്ധതികളാണ് നെഹ്‌റു യുവകേന്ദ്ര വഴി പലപ്പോഴായി നടപ്പിലാക്കി വന്നിരുന്നത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലത്ത് യുവജനങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ ഒന്നും നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
'നെഹ്റു യുവ കേന്ദ്ര'യെ മെച്ചപ്പെടുത്താന്‍ മുന്‍കൈയെടുക്കാത്ത കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ പേര് മാറ്റി ആനന്ദം കൊള്ളുന്നത്. അധികാരത്തില്‍ എത്തി 11 വര്‍ഷത്തിന് ശേഷവും പേരു മാറ്റങ്ങള്‍ അല്ലാതെ സ്വന്തം നിലയില്‍ ഒരു പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്ത ഭരണകൂടത്തിന്റെ പരാജയം കൂടിയാണ് ഇവിടെ വെളിവാകുന്നതെന്നും റഹീം വിമര്‍ശിച്ചു.
കേന്ദ്ര കായികമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്രയുടെ പേര് മേരാ യുവ ഭാരത് എന്നാക്കി മാറ്റുകയായിരുന്നു. എന്‍വൈകെ വെബ്‌സൈറ്റില്‍ മേരായുവഭാരത് എന്ന് ഹിന്ദിയിലും മൈ ഭാരത് എന്ന് ഇംഗ്ലീഷും പേര് രേഖപ്പെടുത്തി. ലോഗോയും മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നെഹ്റു യുവകേന്ദ്രയില്‍ നിന്നും 'നെഹ്റുവിനെ പുറത്താക്കുമ്പോള്‍'
ചരിത്രത്തെ പേടിയാണ് സംഘപരിവാറിന്. ചരിത്ര ബിംബങ്ങളെ ഇല്ലാതാക്കിയാല്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തതും ഗാന്ധിവധവുമെല്ലാം പുതിയ തലമുറ മറന്നു പോകുമെന്നാണ് അവരുടെ ധാരണ. അതുകൊണ്ടാണ് ചരിത്രപരമായ പേരുമാറ്റാന്‍ അവര്‍ വ്യഗ്രത കൂട്ടുന്നത്. ഏറ്റവും ഒടുവില്‍ 'നെഹ്‌റു യുവ കേന്ദ്ര' (എന്‍വൈകെ)യുടെ പേര് മാറ്റിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 'മേരാ യുവഭാരത്'എന്നാണ് പുതിയ പേര്.
1972 ലാണ് നെഹ്‌റു യുവ കേന്ദ്ര പ്രവര്‍ത്തനം ആരംഭിച്ചത്. യുവജനങ്ങള്‍ക്കായി വിവിധങ്ങളായ പദ്ധതികളാണ് നെഹ്‌റു യുവകേന്ദ്ര വഴി പലപ്പോഴായി നടപ്പിലാക്കി വന്നിരുന്നത്. അതിലുപരിയായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ള യുവജനങ്ങള്‍ക്ക് ആശയ സംവാദത്തിന്റെ വേദി കൂടിയായിരുന്നു നെഹ്‌റു യുവ കേന്ദ്ര.
എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലത്ത് യുവജനങ്ങള്‍ക്കായി പുതിയ പദ്ധതികള്‍ ഒന്നും നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല. കേവലമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ബിജെപി സര്‍ക്കാര്‍ ഈ സ്ഥാപനത്തെ ഉപയോഗിക്കുകയാണ്. യുവജനങ്ങള്‍ക്ക് പ്രയോജനകരമായ എന്തെങ്കിലും പദ്ധതികള്‍ നെഹ്റു യുവ കേന്ദ്ര ഇപ്പോള്‍ ചെയ്യുന്നില്ല.
നെഹ്റു യുവകേന്ദ്രയെ മെച്ചപ്പെടുത്താന്‍ മുന്‍കൈയെടുക്കാത്ത കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ പേര് മാറ്റി ആനന്ദം കൊള്ളുന്നത്. അധികാരത്തില്‍ എത്തി 11 വര്‍ഷത്തിന് ശേഷവും പേരു മാറ്റങ്ങള്‍ അല്ലാതെ സ്വന്തം നിലയില്‍ ഒരു പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്ത ഭരണകൂടത്തിന്റെ പരാജയം കൂടിയാണ് ഇവിടെ വെളിവാകുന്നത്.
നെഹ്റുവിനോട് വലിയ വെറുപ്പാണ് മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി പുലര്‍ത്തുന്നത്. കോണ്‍ഗ്രസ്സ് നേതാവായിരിക്കുമ്പോഴും നെഹ്റു ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ സെക്കുലര്‍ നിലപാടുകളും എല്ലായിപ്പോഴും നെഹ്റുവിനെ സംഘപരിവാറിന്റെ കടുത്ത ശത്രു ആക്കിയിട്ടുണ്ട്.
നെഹ്റുവിനെ 'പുറത്താക്കി' രാഷ്ട്രീയം കളിക്കാതെ നെഹ്റു യുവകേന്ദ്രയെ ശാക്തീകരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പെരുമാറ്റം തിരുത്തണം എന്നാവശ്യപ്പെട്ടു വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.
Content Highlights: A A Rahim against central government on nehru yuva kendra name change