
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദനത്തിൽ അർധരാത്രി മകളെയും കൊണ്ട് വീട് വിട്ട് ഓടി യുവതി. ഭർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ തലയ്ക്കുൾപ്പടെ പരിക്കേറ്റിട്ടുണ്ട്. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂര ആക്രമങ്ങൾക്ക് ഇരയായത്.
തങ്ങളെ വെട്ടിക്കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നാതായി യുവതി താമരശ്ശേരി പൊലീസിന് മൊഴി നൽകി. ഇന്നലെ രാത്രിയാണ് സംഭവം. ലഹരിക്കടിമയായ നൗഷാദ് വീട്ടിലേക്കെത്തുകയും ഭാര്യയുടെ മുടിയിൽ കുത്തിപ്പിടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ദമ്പതികളുടെ കുഞ്ഞിനേയും ഇയാൾ ആക്രമിച്ചു. ഇതിൽ ഭയന്ന് നസ്ജയും കുഞ്ഞും വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ക്രൂരമായി മർദനത്തിനിരയായ നസ്ജയെ നാട്ടുകാർ കണ്ടതോടെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് മുൻപും നൗഷാദ് തന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്ന് നസ്ജ പൊലീസിന് മൊഴി നൽകി.
Content Highlights: The wife ran away from home after her husband brutally beat her in Thamarassery