
കോഴിക്കോട്: അതിര്‍ത്തികടന്നെത്തി നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദത്തിന്റെ വേരറുക്കേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് എം.കെ രാഘവന്‍ എംപി. തീവ്രവാദത്തിനെതിരെ അതിര്‍ത്തിയില്‍ പോരാടുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെയും എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ സന്ദേശ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദികളെ മറയാക്കി ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ യുദ്ധം തുടങ്ങിയിട്ട് സ്വാതന്ത്യസമര കാലത്തോളം പഴക്കമുണ്ട്. പഹല്‍ഗാമിലും ഇതാണ് ആവര്‍ത്തിച്ചത്. പാക്കിസ്താന്‍ പൗരന്‍മാര്‍ക്ക് ജീവഹാനി സംഭവിക്കാതെ തീവ്രവാദ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികര്‍ ഓരോ ഭാരതീയന്റെയും അഭിമാനമാണ്. ഒരു യുദ്ധവും മാനവരാശിക്ക് നല്ലതല്ലെന്നും എന്നാല്‍ തീവ്രവാദത്തെ ചെറുക്കേണ്ടത് രാജ്യത്തിന്റെ പരമാധികാരത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മുതലക്കുളം മൈതാനത്ത് നിന്ന് ആരംഭിച്ച് മാനാഞ്ചിറ സ്‌ക്വയറില്‍ റാലി സമാപിച്ചു. മാനാഞ്ചിറ സ്‌ക്വയറില്‍ ഭീകര വിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും നടത്തി. പഹല്‍ഗാം ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന് പാക്ക് സൈനികര്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് പുഷ്പാര്‍ച്ചന നടത്തി. എംവിആര്‍ ക്യാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സിഎന്‍ വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സാജു ജെയിംസ് ഭീകരവാദവിരുദ്ധ പ്രതിജ്ഞ ചൊല്ലി. സന്ദേശം എം കെ രാഘവന്‍ എംപി നല്‍കി. എംവിആര്‍ ക്യാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ ദീപം പ്രകാശിപ്പിച്ചു. പ്രീമ മനോജ് സ്വാഗതവും എംവിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഡോ എന്‍കെ മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
Content Highlights: Operation Sindoor is the pride of every citizen; MK Raghavan MP