
ഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് കൂടുതല്‍ പ്രാധാന്യം നല്‍കി ശക്തമായി മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ ഒരുക്കുന്നതിനുളള പരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്നും പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി തലത്തില്‍ ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുളള നേതാക്കളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുവെന്നും സംഘടനയെ ശക്തിപ്പെടുത്താനായിരുന്നു നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് യോഗത്തില്‍ പങ്കെടുക്കാനാന്‍ അസൗകര്യമുണ്ടെന്ന് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണെന്നും പുതിയ കെപിസിസി നേതൃത്വം മികച്ച ടീമാണെന്നും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു. ഈ ഊര്‍ജ്ജം കൈവിടരുതെന്നും അവര്‍ പറഞ്ഞു. യുവാക്കളും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന നല്ല ടീമാണ് പുതിയ കെപിസിസി നേതൃത്വമെന്നും യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് പറഞ്ഞു.
വിട്ടുപോയ ഘടക കക്ഷികളെ തിരിച്ചുകൊണ്ടുവരുന്നത് കൂട്ടായി ആലോചിക്കുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. 2026-ല്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരുന്നതിന് വേണ്ട പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നിച്ചുനിന്നു തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ജനം കൂടെയുണ്ടെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി പറഞ്ഞു.
'മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന് പറയുംതോറും ഇപ്പുറത്ത് കോണ്‍ഗ്രസിന് പിന്തുണ കൂടുകയാണ്. പുതിയ കെപിസിസി നേതൃത്വത്തെ തെരഞ്ഞെടുത്തതില്‍ അതൃപ്തി ഉണ്ടെന്നത് പ്രചാരണം മാത്രമാണ്. അത് യാഥാര്‍ത്ഥ്യമല്ല. ഇതുപോലത്തെ പ്രചാരണം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കണ്ടതാണ്. പൊട്ടിത്തെറി ആണെന്നൊക്കെയാണ് പറഞ്ഞത്. അവസാനം ജനങ്ങള്‍ എന്ത് തീരുമാനിച്ചുവെന്നും നമ്മള്‍ കണ്ടതാണ്. ഇപ്പോഴത്തെ പ്രചാരണങ്ങളെയെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം തളളിപ്പറഞ്ഞിട്ടുണ്ട്'-ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.