ലഹരിക്കെതിരായ വിസ്ഡം സമ്മേളനം പൊലീസ് അലങ്കോലപ്പെടുത്തിയത് ജനാധിപത്യവിരുദ്ധം: വി ഡി സതീശന്‍

പരിപാടി അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി തയ്യാറാവണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു

dot image

കോഴിക്കോട്: പെരിന്തല്‍മണ്ണയില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് ലഹരിക്കെതിരെ സംഘടിപ്പിച്ച സമ്മേളനം പൊലീസിനെ ഉപയോഗിച്ച് അലങ്കോലപ്പെടുത്തിയത് ജനാധിപത്യവിരുദ്ധമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമാപനപ്രസംഗം നടക്കുന്നതിനിടെയാണ് പൊലീസെത്തി പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും ലഹരിവ്യാപനത്തിനെതിരെ സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമിട്ട് നടത്തിയ പരിപാടി അലങ്കാരപ്പെടുത്തിയതിലൂടെ ലഹരിവിഷയത്തില്‍ പൊലീസും സര്‍ക്കാരും എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ലഹരിക്കെതിരെ ആര് പ്രചാരണം നടത്തിയാലും സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് ഒരു ആത്മാര്‍ത്ഥതയുമില്ലെന്നാണ് പെരിന്തല്‍മണ്ണയിലെ സംഭവം വ്യക്തമാക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. 'പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. പരിപാടി അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി തയ്യാറാവണം'- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് വിസ്ഡം സംഘടിപ്പിച്ച കേരളാ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് പൊലീസ് ഇടപെട്ട് നിര്‍ത്തിവെച്ചത്. അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞ് പൊലീസ് സമ്മേളന വേദിയിലേക്ക് കടന്നുവന്ന് പരിപാടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 10 മണിക്കുമുന്‍പ് അവസാനിപ്പിക്കുന്ന വിധമാണ് പരിപാടി ക്രമീകരിച്ചതെന്നും പൊലീസ് എത്തുമ്പോള്‍ സമാപന പ്രസംഗം നടക്കുകയായിരുന്നു. ഉടന്‍ നിര്‍ത്താമെന്ന് പറഞ്ഞിട്ടും പൊലീസ് ആക്രോശിക്കുകയായിരുന്നുവെന്നാണ് വിസ്ഡം നേതാക്കള്‍ ആരോപിക്കുന്നത്.

സമ്മേളനവേദിയില്‍ നിന്ന് പുറത്തിറങ്ങിയ പൊലീസുകാര്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരേ ഗോഷ്ടി കാണിക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ കെഎസ് യു മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. ഇ കെ അന്‍ഷിദ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംപിയും രംഗത്തെത്തിയിരുന്നു. 10 മിനിറ്റിന്റെ പേരില്‍ കേരളത്തിലെ കാവി പൊലീസിന് ഇല്ലാതെ പോയത് വിസ്ഡമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

'താമസിച്ചു പോയത് റേവ് പാർട്ടിയല്ല. നിങ്ങളുടെ ഭരണത്തിൻ്റെ കൊള്ളരുതായ്മയുടെ കൂടി പേരിൽ നാടിനെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് നടത്തിയ വലിയ പ്രതിരോധ പ്രവർത്തനത്തിനെതിരെ കേരളത്തിലെ പൊലീസ് പല്ലിളിച്ച് കാണിക്കുമ്പോൾ അവരറിയുന്നില്ല ലഹരിയെ പ്രതിരോധിക്കാൻ നമ്മള് 10 വർഷം താമസിച്ച് പോയെന്ന്. അത് കൊണ്ട് തന്നെ വിസ്ഡം പരിപാടിയിൽ താമസിച്ച് പോയ ആ 10 മിനുട്ട് കൈകാര്യം ചെയ്യപ്പെടേണ്ടത് ഇങ്ങനെയായിരുന്നില്ല എന്നും.ഇനി ഈ വൃത്തികേട് കാണിച്ചവർക്കെതിരെ നടപടിയെടുക്കാൻ കേരളത്തിലൊരു ഭരണകൂടമുണ്ടെങ്കിൽ അത് മിനുട്ടും മണിക്കൂറും വൈകുന്നത് എന്തിനാണ് ? നയം കാവിയാകുന്നത് കൊണ്ടല്ലാതെ മറ്റെന്ത് കൊണ്ടാണ്'- ഷാഫി പറമ്പില്‍ ചോദിച്ചു.

Content Highlights: VD Satheesan against police interrupting wisdom conference programme against drugs

dot image
To advertise here,contact us
dot image