'ആദ്യമായി ഒരു മലയോര കർഷകന്റെ മകൻ കെപിസിസി പ്രസിഡന്റാകുന്നു'; സണ്ണി ജോസഫിന് ആശംസകളുമായി എ കെ ആന്റണി

കേരളമെമ്പാടും മലയോര മേഖലയിലെ ജനങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ സണ്ണി ജോസഫിന്റെ നിയമനം അവർക്ക് കൂടുതൽ കരുത്ത് നൽകുമെന്നും എ കെ ആന്റണി പറഞ്ഞു

'ആദ്യമായി ഒരു മലയോര കർഷകന്റെ മകൻ കെപിസിസി പ്രസിഡന്റാകുന്നു'; സണ്ണി ജോസഫിന് ആശംസകളുമായി എ കെ ആന്റണി
dot image

തിരുവനന്തപുരം: ചുമതലേയേറ്റെടുക്കുന്നതിന് മുൻപായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് പുതിയ കെപിസിസി നേതൃത്വം. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയത്.

യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളേയും കൂട്ടിയിണക്കാൻ കഴിഞ്ഞാൽ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എ കെ ആന്റണി ആശംസിച്ചു. താൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ട് വിഭാഗങ്ങൾ തീരദേശ, മലയോര ജനങ്ങളാണ്. കേരളത്തിൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മലയോര കർഷകന്റെ പുത്രൻ കെപിസിസി പ്രസിഡന്റായിരിക്കുന്നു. കേരളമെമ്പാടും മലയോര മേഖലയിലെ ജനങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ സണ്ണി ജോസഫിന്റെ നിയമനം അവർക്ക് കൂടുതൽ കരുത്ത് നൽകുമെന്നും എ കെ ആന്റണി പറഞ്ഞു.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ചാണ് സണ്ണി ജോസഫ് അധ്യക്ഷ സ്ഥാനമേൽക്കുക. കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും കെ കരുണാകരന്റെയും സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവർ ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.

നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സൻ, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയില്‍ നിന്നൊഴിവാക്കിയത്. പകരമാണ് പുതിയ നേതൃത്വം. കെപിസിസി നേതൃമാറ്റത്തെ സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. നിലവിലെ പ്രസിഡന്റ് കെ സുധാകരൻ താൻ മാറില്ല എന്ന നിലപാട് സ്വീകരിച്ചതോടെ ഹൈക്കമാൻഡ് പ്രതിസന്ധിയിലായിരുന്നു. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും മറ്റും രാഹുൽ ഗാന്ധി തന്നെ നേരിട്ട് അഭിപ്രായങ്ങൾ തേടിയിരുന്നു. നേതൃമാറ്റത്തിനെതിരെ കെ സുധാകരന്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്ന സാഹചര്യത്തിലേക്ക് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ നിർണായക ഇടപെടല്‍ ഉണ്ടായത്.

Content Highlights: AK Antony hails sunny Joseph and new KPCC team

dot image
To advertise here,contact us
dot image