
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം. 80000 രൂപ മാസശമ്പളത്തിലാണ് സരിന്റെ നിയമനം.
പാര്‍ട്ടിയോടിടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്.
നേരത്തെയും കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ നേതാക്കള്‍ക്ക് മികച്ച പദവികള്‍ നല്‍കിയിരുന്നു. സരിനും പദവി നല്‍കിയതോടെ കോണ്‍ഗ്രസ് വിട്ടെത്തുന്നവരെ കൈവിടില്ലെന്ന സന്ദേശമാണ് സിപിഐഎം നല്‍കുന്നത്.
ഒറ്റപ്പാലം തിരുവില്വാമല പകവത്ത് കുടുംബാംഗമായ ഡോ. പി സരിന്‍ സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് രാഷ്ട്രീയവഴി സ്വീകരിച്ചയാളാണ്. 2007ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സരിന്‍ 2008 ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. അന്ന് 555ാം റാങ്ക് നേടിയ സരിന് ഇന്ത്യന്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റ് സര്‍വീസിലേക്ക് വഴിതുറന്നുകിട്ടി. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്ങ്. പിന്നീട് നാലു വര്‍ഷം കര്‍ണ്ണാടകയിലും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി സേവനമനുഷ്ഠിച്ചു.
Content Highlights: p sarin appointed as adviser to vijnana keralam