
ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ടെന്നും ഭീകരർക്കെതിരായ ഏത് നീക്കത്തിലും രാജ്യം ഒറ്റക്കെട്ടാണെന്നും മുൻ പ്രതിരോധവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. ഇന്ത്യൻ സേനയിൽ പൂർണ വിശ്വാസമുണ്ട്. ഇനിയും ഭീകരർക്കെതിരായ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരർക്കെതിരായ നടപടിയാണ്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്. ഇന്ത്യയ്ക്കൊപ്പം ലോക മനസാക്ഷി ഉണ്ടാകും. തുടർന്നുള്ള കാര്യങ്ങൾ സൈന്യം ചെയ്യും, കേന്ദ്രം അവർക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.
കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷൻ സിന്ദൂരി'ലൂടെ ഇന്ന് പുലർച്ചെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.
അതേസമയം, ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക്-പഞ്ചാബ് പ്രവിശ്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മുസാഫറാബാദിലെ വൈദ്യുതി ബന്ധം നിലച്ചു. ആശുപത്രികളും സുരക്ഷാ സേനയും അതീവ ജാഗ്രതയിലാണ്. പാകിസ്താനിൽ വലിയ പരിഭ്രാന്തിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായാണ് ഇന്ത്യൻ കരസേന നിലവിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടെന്നും ഉചിതമായ സമയത്ത് മറുപടി നൽകുമെന്നുമാണ് പാക് ഭീഷണി.
Content Highlights: AK Antony supports operation sindoor