വിവാദങ്ങൾക്കിടെ വേടന് ഇടുക്കിയിൽ വേദി; വൻ സുരക്ഷയൊരുക്കി പൊലീസ്, സര്‍ക്കാര്‍ പരിപാടി ഇന്ന് വൈകുന്നേരം 7ന്

വലിയ സുരക്ഷാക്രമീകരണങ്ങളോടെ വൈകീട്ട് ഏഴുമണിക്കാണ് പരിപാടി സമയം നിശ്ചയിച്ചിരിക്കുന്നത്

dot image

ഇടുക്കി: വിവാദങ്ങൾക്കിടെ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വേടൻ ഇന്ന് പാടും. ഇടുക്കി മേളയുടെ സമാപനദിവസമായ ഇന്ന് വൈകീട്ട് ഏഴിനാണ് വേടന്റെ റാപ്പ്. ഏപ്രിൽ 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ വേടന്റെ പരിപാടി സർക്കാർ റദ്ദാക്കിയിരുന്നു. വലിയ സുരക്ഷാക്രമീകരണങ്ങളോടെ വൈകീട്ട് ഏഴുമണിക്കാണ് പരിപാടി സമയം നിശ്ചയിച്ചിരിക്കുന്നത്. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് വേടന്റെ പരിപാടി നടക്കുക.

ഏപ്രിൽ 29-ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിപിഐഎമ്മും സിപിഐയും വേടനെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. വേടനെ വേട്ടയാടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. തെറ്റ് പറ്റിയെന്ന് വേടന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നടപടി തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതിയെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വേടന് സമൂഹത്തിന്റെ സംരക്ഷണമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

പുല്ലിപ്പല്ല് കേസില്‍ വേടനെതിരായ സമീപനം ശരിയല്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ പ്രതികരിച്ചത്. വേടന്റെ കാര്യത്തില്‍ തിടുക്കപ്പെടാന്‍ കാരണം എന്തെന്ന് പരിശോധിക്കണമെന്നും തെറ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

Content Highlights: Rapper Vedan Will Sing at Idukki, The Programme Conduct by Kerala Government

dot image
To advertise here,contact us
dot image