'പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രം'; പാലക്കാട് കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്ററുകള്‍

dot image

പാലക്കാട്: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാലക്കാട് സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. പാലക്കാട് ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് ഏജന്റുമാരാണെന്നും പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രമേ ഉള്ളൂ, അത് കെ സുധാകരനാണെന്നുമുള്‍പ്പടെയുള്ള വാചകങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്ററുകള്‍.

'കെ സുധാകരന്‍ ഇല്ലെങ്കില്‍ സിപിഐഎം മേഞ്ഞ് നടക്കും. കെ സുധാകരനെ മാറ്റിയാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും വരും. അത് വേണോ?, കേരളത്തിലെ കോണ്‍ഗ്രസുകാരുടെ അഭിമാനം വീണ്ടെടുത്തത് കെ സുധാകരന്‍', എന്നിങ്ങനെ പോസ്റ്ററില്‍ പറയുന്നുണ്ട്.

അതേസമയം കെപിസിസി നേതൃമാറ്റത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണിക്കാണ് സാധ്യത. മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ആന്റോ ആന്റണി ഉറപ്പിച്ചു. അതൃപ്തനായ കെ സുധാകരനെ അനുനയിപ്പിക്കാനാകും ശ്രമം. സുധാകരന്റെ പ്രതികരണങ്ങള്‍ മുന്നറിയിപ്പെന്ന വിലയിരുത്തലുമുണ്ട്. നേതൃമാറ്റം നടപ്പിലാക്കിയാല്‍ സുധാകരന്‍ രൂക്ഷമായി പ്രതികരിക്കുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സുധാകരനുമായി സംസാരിക്കും.

കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഉടന്‍ ഒഴിയില്ലെന്നായിരുന്നു കെ സുധാകരന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. തന്നോട് ആരും മാറാന്‍ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാത്തിടത്തോളം കാലം മാറേണ്ട ആവശ്യമില്ലെന്നും സുധാകരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ കെ സുധാകരന്‍ മാറണമെന്ന് തങ്ങള്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ മാറ്റം നല്ലതല്ലെന്നാണ് അഭിപ്രായമെന്നുമായിരുന്നു കെ മുരളീധരന്റെ അഭിപ്രായം. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്നും കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content Highlights: Posters in support of K Sudhakaran in Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us