

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള വിജയത്തിന് പിന്നാലെ നായകന്‍ ശ്രേയസ് അയ്യരെ പുകഴ്ത്തി പരിശീലകന്‍ റിക്കി പോണ്ടിങ്. ജോഷ് ഇംഗ്ലിസിനെ മൂന്നാമനായി ബാറ്റിങ്ങിനിറക്കാനുള്ള ശ്രേയസിന്റെ തീരുമാനം മത്സരത്തിൽ നിർണായകമായെന്നും പഞ്ചാബിന് മികച്ച തുടക്കം ലഭിക്കാന്‍ ഇത് സഹായിച്ചെന്നും പോണ്ടിങ് പറഞ്ഞു.
ബാറ്റിങ് തുടക്കത്തില്‍ പഞ്ചാബിന് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായെങ്കിലും പ്രഭ്സിമ്രാന്‍ സിങ്ങുമായി ചേര്‍ന്ന് മികച്ച തുടക്കം നല്‍കാന്‍ ഇംഗ്ലിസിന് കഴിഞ്ഞിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും 22 പന്തില്‍ 48 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 30 റണ്‍സ് നേടിയ ഇംഗ്ലിസ് മായങ്ക് യാദവിന്റെ ഓവറില്‍ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയും നേടി.
ഒരു വിക്കറ്റ് നേരത്തെ വീണപ്പോൾ ഇംഗ്ലിസിനെ ഇറക്കണമെന്ന് ശ്രേയസ് അയ്യർ പറഞ്ഞു. മായങ്ക് നേരത്തെ തന്നെ പന്തെറിയുമെന്ന് അദ്ദേഹം മനസിലാക്കി, സാധാരണയായി വളരെ ഷോര്‍ട്ട് ബോള്‍ എറിയുന്ന മായങ്കിനെതിരെ ഇംഗ്ലിസ് നന്നായി ബാറ്റുചെയ്യും. മത്സരത്തില്‍ ആ പുള്‍ ഷോട്ടുകള്‍ അതിശയകരമായിരുന്നു' പോണ്ടിങ് മത്സരശേഷം പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. സെഞ്ച്വറിയുടെ വക്കോളമെത്തിയ ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പ്രഭ്സിമ്രാന്‍ 91 റണ്‍സെടുത്ത് പുറത്തായി. 48 പന്തില്‍ ആറ് ഫോറും ഏഴ് സിക്സും ഉള്‍പ്പെടുന്നതായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിങ്സ്. 14 പന്തില്‍ 30 റണ്‍സ് നേടിയ ഇംഗ്ലിസിന്റെ ഇന്നിങ്‌സില്‍ നാല് സിക്‌സും ഒരു ഫോറുമാണുണ്ടായിരുന്നത്.
മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ 37 റൺസിനാണ് പഞ്ചാബ് കിങ്സ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 236 റൺസ് നേടിയപ്പോൾ ലഖ്‌നൗവിന്റെ മറുപടി 199 റൺസിൽ അവസാനിച്ചു.
Content Highlights: ‘It was Iyer’s idea’- Ricky Ponting on move to promote Josh Inglis