റീമേക്കുകളും കോമഡിയും കഴിഞ്ഞു, ഇനി നല്ല കട്ട വില്ലൻ; പ്രിയദർശൻ സിനിമയിൽ വില്ലനാകാനൊരുങ്ങി അക്ഷയ് കുമാർ?

മോഹൻലാൽ നായകനായി എത്തിയ 'ഒപ്പം' എന്ന സിനിമയുടെ റീമേക്ക് ആണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്

റീമേക്കുകളും കോമഡിയും കഴിഞ്ഞു, ഇനി നല്ല കട്ട വില്ലൻ; പ്രിയദർശൻ സിനിമയിൽ വില്ലനാകാനൊരുങ്ങി അക്ഷയ് കുമാർ?
dot image

മലയാളത്തിലേത് പോലെ ബോളിവുഡിലും നിരവധി ആരാധകരുള്ള സംവിധായകനാണ് പ്രിയദർശൻ. നിരവധി കോമഡി സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരെ കയ്യിലെടുത്ത അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും ഹിന്ദി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ഭൂത് ബംഗ്ലാ ആണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന പ്രിയദർശൻ ചിത്രം. ഈ സിനിമയ്ക്ക് ശേഷം സെയ്ഫ് അലി ഖാനെ നായകനാക്കി ഒരു ചിത്രം പ്രിയദർശൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

സെയ്ഫ് നായകനാകുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത് അക്ഷയ് കുമാർ ആണെന്നാണ് ബോളിവുഡ് ഹങ്കാമ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. വളരെക്കാലത്തെ ഇടവേളക്ക് ശേഷമാണ് അക്ഷയ് കുമാർ വില്ലൻ കഥാപാത്രത്തിലേക്ക് ചുവടുമാറ്റുന്നത്. ഒരു ഡാർക്ക് ത്രില്ലർ സോണിൽ ഒരുങ്ങുന്ന സിനിമയിൽ അന്ധനായ നായക കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെയ്ഫ് അലി ഖാനും പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. അതേസമയം, പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ഒപ്പം എന്ന സിനിമയുടെ റീമേക്ക് ആണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ മോഹൻലാൽ ഒരു അന്ധനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. മോഹൻലാലിന്റെ പ്രകടനം നിറയെ പ്രശംസകളും നേടിയിരുന്നു.

അതേസമയം, അക്ഷയ് കുമാർ ചിത്രം ഭൂത് ബം​ഗ്ലായുടെ ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് എന്നാണ് സൂചന. ചിത്രം 2026 ഏപ്രിൽ 2ന് പ്രദർശനത്തിനെത്തും.

Content Highlights: Akshay kumar to act villain opposite Saif in Priyadarshan film

dot image
To advertise here,contact us
dot image