എന്റെ ദുശ്ശീലങ്ങളില്‍ ഇന്‍ഫ്ളുവന്‍സ് ആവാതിരിക്കുക; പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ല, തിരുത്തും: വേടന്‍

'പഠിക്കൂ, അധികാരം കൈയ്യിലെടുക്കൂ, ജനങ്ങള്‍ക്ക് വേണ്ടി പോരാടൂ' എന്നും വേടന്‍ വേദിയിലൂടെ സന്ദേശം നല്‍കി

dot image

ഇടുക്കി: തന്റെ ദുശ്ശീലങ്ങളില്‍ ആരാധകര്‍ ഇന്‍ഫ്‌ളുവന്‍സ് ആവരുതെന്ന് റാപ്പര്‍ വേടന്‍. തനിക്ക് ശരി തെറ്റുകള്‍ പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ലെന്നും ഒറ്റയ്ക്കാണ് വളര്‍ന്നതെന്നും തിരുത്തുമെന്നും വേടന്‍ ഇടുക്കിയില്‍ ഷോയ്ക്കിടെ പറഞ്ഞു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസമായ ഇന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് വേടന്‍ നിലപാട് വ്യക്തമാക്കിയത്.

'എന്റെ ദുശ്ശീലങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ് ആവരുത്. എനിക്ക് പറഞ്ഞുതരാന്‍ ആളുണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് വളര്‍ന്നത്. ഞാന്‍ തിരുത്തും. വേടന്‍ പൊതുസ്വത്താണ്. നിങ്ങളുടെ അനുജനോ ജേഷ്ഠനോ ആയിരിക്കാം വേടന്‍. എന്നോട് പറയാനുള്ളത് എന്റെ മുഖത്ത് നോക്കി പറയാനുള്ള സാഹചര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്നെ സ്‌നേഹിക്കുന്ന എന്നെ കാണാന്‍ വിലപ്പെട്ട സമയം ചെലവാക്കിയെത്തിയവര്‍ക്ക് നന്ദി', വേടന്‍ പറഞ്ഞു.

പഠിക്കൂ, അധികാരം കൈയ്യിലെടുക്കൂ, ജനങ്ങള്‍ക്ക് വേണ്ടി പോരാടൂ എന്നും വേടന്‍ വേദിയിലൂടെ സന്ദേശം നല്‍കി. താൻ ഒരു പാര്‍ട്ടിയുടെയും ആളല്ല. പൊതുസ്വത്താണ്. ജനങ്ങള്‍ക്കും ജനങ്ങള്‍ക്ക് തിരഞ്ഞെടുത്ത സര്‍ക്കാരിനും നന്ദിയുണ്ടെന്നും വേടന്‍ പറഞ്ഞു.

കഞ്ചാവ് കൈവശം വെച്ച കേസില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ റദ്ദാക്കിയ പരിപാടിയാണ് സര്‍ക്കാര്‍ ഇന്ന് വീണ്ടും നടത്തുന്നത്. വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനിയിലാണ് വേടന്റെ പരിപാടി. ഏപ്രില്‍ 29-ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

Content Highlights: Don't be influenced by my bad habits Said Vedan at idukki

dot image
To advertise here,contact us
dot image