വികസനത്തില്‍ അദാനിയുമായി മാത്രമല്ല, ലോകത്തിലെ ആരുമായും സഹകരിക്കുമെന്ന് എം വി ഗോവിന്ദൻ

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ വേദിയിലിരുത്തിയത് ജനാധിപത്യ രീതിയില്‍ ശരിയായ പ്രവണതയല്ലെന്ന് എം വി ഗോവിന്ദന്‍

dot image

ന്യൂഡല്‍ഹി: വികസനത്തില്‍ ആരുമായും സഹകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചങ്ങലയില്ലാതെ ജനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുന്ന രീതിയിലുള്ള ഏതൊരു മൂലധന നിക്ഷേപത്തോടും സഹകരിക്കുമെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. അദാനിയെയടക്കം ലോകത്തിലെ മുതലാളിമാരാക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'കോണ്‍ഗ്രസുകാര്‍ അദാനിയെയും അംബാനിയെയും ടാറ്റയെയും ബിര്‍ളയെയും എതിര്‍ക്കുന്നവരാണത്രേ, എപ്പോഴാണ് എതിര്‍ക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗമായി ഇവരെയെല്ലാം ഉയര്‍ത്തി കൊണ്ടുവന്ന് ലോകത്തിലെ ഏറ്റവും മുതലാളിമാരാക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ്, അതിന്റെ തുടര്‍ച്ചയാണ് ബിജെപി. ബിജെപിക്കും കോണ്‍ഗ്രസിനും വര്‍ഗപരമായ വ്യത്യമാസമില്ല. വികസനത്തില്‍ അദാനിയുമായി മാത്രമല്ല, ലോകത്തിലെ ആരുമായും ഞങ്ങള്‍ സഹകരിക്കും. ഞങ്ങള്‍ക്ക് ചങ്ങലയില്ലാതെ ജനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുന്ന രീതിയിലുള്ള ഏതൊരു മൂലധന നിക്ഷേപത്തോടും സഹകരിക്കും, ഇതാണ് സിപിഐഎമ്മിന്റെ നിലപാട്', അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ഉള്‍പ്പെടുത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി, പ്രധാനമന്ത്രി, വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി, എംഎല്‍എ തുടങ്ങിയവര്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖരെയും ഇരുത്തിയത്. ജനാധിപത്യ രീതിയില്‍ ശരിയായ പ്രവണതയല്ല ഇതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഭരണകക്ഷിയുടെ സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ സ്ഥാനം കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജീവ് ചന്ദ്രശേഖര്‍ വളരെ നേരത്തെ വന്നിരുന്നെന്നും ജനങ്ങള്‍ അത് വിലയിരുത്തുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി കേന്ദ്രം നയാപൈസ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രം കടം കൊടുക്കുകയായിരുന്നെന്നും കടം എവിടെ നിന്നും വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖരെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പദ്ധതി നടപ്പാക്കാന്‍ പാടില്ലെന്നും വിമോചന സമരം ആരംഭിക്കുമെന്നും പറഞ്ഞവരാണ് കോണ്‍ഗ്രസ്. അവര്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസന കുതിപ്പാണ് ഇന്നലെ ഉണ്ടായത്. അത് കോണ്‍ഗ്രസിനെ ഉറക്കം കെടുത്തുന്നതാണ്. പ്രധാനമന്ത്രി പറഞ്ഞുവെന്നതിനാല്‍ അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്ന സംഭവം നിര്‍ഭാഗ്യകരമാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആവശ്യമായ പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപാകതയുണ്ടെങ്കില്‍ പരിഹരിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

Content Highlights: MV Govindan says CPIM will cooperate anyone in the world in development

dot image
To advertise here,contact us
dot image