
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ മനസിലാവുന്ന ആളായിരിക്കണം കെപിസിസി പ്രസിഡൻ്റെന്ന് കെ മുരളീധരൻ. ആൻ്റോ ആൻ്റണിയുടെ പേര് പറയാതെയായിരുന്നു മുരളീധരന്റെ പരാമർശം. കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്നും അങ്ങനെ ഒരഭിപ്രായം കേരളത്തിലെ കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ഒരിക്കലും കെപിസിസി പ്രസിഡൻ്റാകില്ലെന്ന് ഉറപ്പാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലെ തീപിടിത്തത്തിലെ ധാർമ്മിക ഉത്തരവാദിത്വം ആരോഗ്യ മന്ത്രിയ്ക്കാമെന്നും വീണാ ജോർജ് രാജി വെക്കണമെന്നും മുരളീധരൻ പറഞ്ഞു. ജീവൻ രക്ഷിക്കേണ്ട സ്ഥാപനം ജീവൻ നഷ്ടപ്പെടുത്തിയിരിക്കുന്നു. സർക്കാരിന് ഇതിൽ ഉത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രി ഇടപെടണമെന്നും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അധ്യക്ഷക്ഷന്‍മാര്‍ ഉള്‍പ്പെടെ 11പേരെ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. യുഡിഎഫിലും അഴിച്ചുപണി നടത്തിയേക്കും.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി പകരം ആന്റോ ആന്റണിയെയോ സണ്ണി ജോസഫിനെയോ പരിഗണിച്ചേക്കുമെന്നാണ് വിവരം.
Content Highlights: k muraleedharan on kpcc president