നായ കടിക്കുന്നത് ഞരമ്പിലാണെങ്കില്‍ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമാണ്: എസ്എടി സൂപ്രണ്ട്

കുട്ടിയുടെ നിലവിലെ സാഹചര്യം ഗുരുതരമാണ്. ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

dot image

തിരുവനന്തപുരം: കൊല്ലത്ത് വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരിക്ക് പേവിഷബാധയുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി എസ്എടി ആശുപത്രി സൂപ്രണ്ട് ബിന്ദു. ഞരമ്പിനാണ് നായയുടെ കടി കൊള്ളുന്നതെങ്കിൽ സ്ഥിതി ഗുരുതരമാകാമെന്നും ആ സമയം വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകും എന്നത് സംശയമാണെന്നും എസ്എടി സൂപ്രണ്ട് പറഞ്ഞു.

'കുട്ടിയുടെ നിലവിലെ സാഹചര്യം ഗുരുതരമാണ്. ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അവസാന ഡോസ് മാത്രമേ ബാക്കിയുണ്ടായിരുന്നുളളു. ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോള്‍ കുട്ടിക്ക് ബോധമുണ്ടായിരുന്നു. പക്ഷെ പേവിഷ ബാധയുടെ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നു. വളരെ നിര്‍ഭാഗ്യകരമായ സാഹചര്യമാണിത്. കുഞ്ഞിന്റെ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യും'- ബിന്ദു പറഞ്ഞു. വാക്‌സിന്‍ ഫലപ്രദമല്ലെന്ന് പറയരുതെന്നും നായ കടിച്ചതിന്റെ തീവ്രത അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിനിയായ കുട്ടിയെ ഒരുമാസം മുന്‍പാണ് നായ കടിച്ചത്. ഏപ്രില്‍ 12-നാണ് കുട്ടിയെ നായ കടിച്ചത്. ഉച്ചയ്ക്ക് വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിനാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തു.

അന്നുതന്നെ ആന്റി റാബിസ് സിറവും കുട്ടിക്ക് നല്‍കിയിരുന്നു. പിന്നീട് മൂന്നുതവണ കൂടി ഐഡിആര്‍ബി നല്‍കി. മെയ് 6-ന് അവസാന വാക്‌സിന്‍ എടുക്കാനിരിക്കെയാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധയാണ് ഏറ്റതെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ കടിച്ച നായ മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ, അത് കുട്ടിയെ കടിച്ചശേഷം എങ്ങോട്ട് പോയി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

Content Highlights: It is doubtful how effective the vaccine will be if the dog bites the nerve: SAT Superintendent

dot image
To advertise here,contact us
dot image