അന്‍വറുമായി സഹകരിക്കും; യുഡിഎഫ് പ്രവേശനത്തില്‍ ഒരാഴ്ചക്കകം തീരുമാനമുണ്ടാകുമെന്ന് എം എം ഹസന്‍

അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തണം എന്ന ശക്തമായ വാദമാണ് യോഗത്തിൽ ഉണ്ടായത്

dot image

കോഴിക്കോട്: പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഘടകകക്ഷി നേതാക്കളുമായും ഹൈക്കമാന്റുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തും. ഒരാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകും. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് വൈകുന്നത് എന്തുകൊണ്ടെന്നറിയില്ല. പി വി അന്‍വറുമായി സഹകരിക്കും. പിണറായിസത്തിനെതിരായ അന്‍വറിന്റെ പോരാട്ടത്തിന് യുഡിഎഫ് പിന്തുണയുണ്ടെന്നും എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിൽ ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. അൻവറിനെ ഉൾപ്പെടുത്തണമെന്ന വാദം യുഡിഎഫ് യോഗത്തിൽ ഉയർന്നെങ്കിലും ഏത് നിലയിൽ ഉൾപ്പെടുത്തണം എന്നതിൽ തീരുമാനമുണ്ടായില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെത്തന്നെ പച്ചക്കൊടി കാണിച്ചിരുന്നു. പ്രാദേശിക സഖ്യങ്ങൾക്ക് ദേശീയ നിലപാട് ബാധകമല്ല എന്നായിരുന്നു ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. മതേതര പാർട്ടികളെ ചേർത്ത് നിർത്തുന്നതിൽ തെറ്റില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.

തുടർന്ന് അൻവർ കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തല, കെ സുധാകരൻ എന്നിവരും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. ശേഷം ലീഗുമായും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായും കൂടിക്കാഴ്ച നടത്തി. എല്ലാവരുടെ ഭാഗത്തുനിന്നും പോസിറ്റീവ് സമീപനമാണ് ഉണ്ടായത് എന്നും അൻവർ പ്രതികരിച്ചിരുന്നു.

Content Highlights: PV Anvar udf entry finalised

dot image
To advertise here,contact us
dot image