
കൊച്ചി: കൊച്ചിയിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ ബിൽഡിംഗ് ഓഫീസർ സ്വപ്നയെ സസ്പെൻഡ് ചെയ്തു. കൊച്ചി മേയർ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഓവർസിയർ ഗ്രേഡ്-1 ഉദ്യോഗസ്ഥയായിരുന്നിവർ.
ബിൽഡിങ് ഡ്രോയിങ് പെർമിറ്റിന് അനുമതി നൽകാൻ 25,000 രൂപയായിരുന്നു ഇവർ ആദ്യം ആവശ്യപ്പെട്ടത്. വിലപേശലിനൊടുവിൽ 15000 രൂപയാണ് സ്വപ്ന കൈക്കൂലി വാങ്ങിയത്. മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലൻസ് സംഘം നടുറോഡിൽ വച്ച് സ്വപ്നയെ പിടികൂടുകയായിരുന്നു.
തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അതിനിടെ, ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് വിജിലൻസ് സംഘം. വൈറ്റിലയിലെ കോർപറേഷൻ സോണൽ ഓഫിസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് രേഖകൾ പിടിച്ചെടുത്തു.നേരത്തേ നൽകിയ ബിൽഡിങ് പെർമിറ്റുകളുടെ രേഖകളിലും വിജിലൻസ് പരിശോധന നടത്തും. അതിനിടെ, സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലൻസ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
Content Highlight: Bribery case; Kochi Corporation has suspended building inspector Swapna