രാജ്യത്തിൻ്റെ സമാധാനത്തിന് ഭംഗം വന്നു, കേന്ദ്രം കശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണം: സാദിഖലി തങ്ങൾ

ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ലെന്നും അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

dot image

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിലൂടെ രാജ്യത്തിൻ്റെ സമാധാനത്തിന് ഭംഗം വന്നിരിക്കുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ലെന്നും അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിൽ കുരുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം. മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവുമില്ല. മതങ്ങൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അക്രമകാരികളുടെ മതം അക്രമത്തിൻ്റേത് മാത്രമാണ്. യഥാർത്ഥ മതങ്ങളുമായി അതിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന മനോഹരമായ സ്ഥലമായ ബൈസരൻവാലി സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:30 ഓടെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 28 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രംഗത്ത് വന്നിരുന്നു. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നും സൂചനയുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ - ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: panakkad thangal on pahalgam attack

dot image
To advertise here,contact us
dot image