ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു

ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവല്‍ കളരിക്കലാണ്

dot image

ചെന്നൈ: ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവെന്ന് അറിയപ്പെടുന്ന പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. സംസ്‌കാരം ഏപ്രില്‍ 21-ന് കോട്ടയത്തുളള സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ പളളിയില്‍ നടക്കും. ബീനാ മാത്യുവാണ് മാത്യു സാമുവല്‍ കളരിക്കലിന്റെ ഭാര്യ. അന്ന മാത്യു, സാം മാത്യു എന്നിവരാണ് മക്കള്‍.

1986-ല്‍ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവല്‍ കളരിക്കലാണ്. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്‌റ്റെന്‍ഡിംഗ്, കൊറോണറി സ്‌റ്റെന്‍ഡിംഗ് തുടങ്ങിയവയില്‍ വിദഗ്ദനായിരുന്നു.


ഡോ. മാത്യു സാമുവലാണ് നാഷണല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്. ആന്‍ജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുളള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്. 2000-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1986-ല്‍ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റിയാണ് മാത്യു സാമുവല്‍ നടത്തിയത്. ശരീരത്തില്‍ സ്വാഭാവികമായി ലയിച്ചുചേരുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ബയോ റിസോര്‍ബബിള്‍ സ്‌റ്റെന്റുകളുടെ ഉപയോഗത്തിന് തുടക്കം കുറിച്ചത് മാത്യു സാമുവലാണ്. ഇലക്ട്രോണിക് ആല്‍ഗോമീറ്റര്‍, ജുഗുലാര്‍ വെനസ് പ്രഷര്‍ സ്‌കെയില്‍ തുടങ്ങിയ ഉപകരണങ്ങളുടെ പേറ്റന്റും അദ്ദേഹം നേടി.


1948 ജനുവരി ആറിന് കോട്ടയത്ത് ജനിച്ച മാത്യു സാമുവല്‍ കളരിക്കല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ പഠനത്തിനുശേഷം ചെന്നൈയില്‍ കാര്‍ഡിയോളജിയില്‍ ഉപരിപഠനവും സ്‌പെഷ്യലൈസേഷനും നടത്തി. തുടര്‍ന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍, ലീലാവതി ഹോസ്പിറ്റല്‍, മുംബൈ സൈഫി ഹോസ്പിറ്റല്‍, ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍ തുടങ്ങിയ പ്രശസ്ത ആശുപത്രികളില്‍ അദ്ദേഹം സേവനമനുഷ്ടിച്ചു. വിവിധ വിദേശ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി പരിശീലനം നല്‍കാന്‍ അദ്ദേഹം നിരവധി യാത്രകള്‍ നടത്തിയിരുന്നു.

Content Highlights: father of indian angioplasty dr mathew samuel kalarickal passed away

dot image
To advertise here,contact us
dot image