
May 29, 2025
07:37 AM
കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച. വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 300 പവന്‍ സ്വര്‍ണവും ഒരു കോടിയിലേറെ രൂപയുമാണ് മോഷണം പോയത്.
അഷ്‌റഫും കുടുംബവും മഥുരയിലെ ബന്ധുവിന്റെ വിവാഹത്തിന്‍ പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മഥുരയിലേക്ക് പുറപ്പെട്ടത്. ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. ബുധനാഴ്ചയാണ് മോഷണം നടന്നതെന്നാണ് സംശയം.
കിടപ്പുമുറിയില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയതെന്നാണ് റിപ്പോര്‍ട്ട്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. കവര്‍ച്ചാസംഘത്തില്‍ മൂന്ന് പേരുണ്ടെന്നാണ് വിവരം. ഇതില്‍ രണ്ട് പേരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: Theft In Kannur