


 
            കണ്ണൂര്‍: അന്തരിച്ച സിപിഐഎം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകളില്‍ കുടുംബം. ഏത് ഘട്ടത്തിലും കോടിയേരിയുടെ വിടവ് നികത്താനാകാത്തതാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ വിനോദിനിയും മക്കളായ ബിനീഷും ബിനോയിയും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവെയ്ക്കുകയായിരുന്നു കുടുംബം.
പ്രതിസന്ധികള്‍ വന്നാല്‍ തളര്‍ന്നുപോകേണ്ടതില്ല എന്ന വലിയ പാഠം അദ്ദേഹം പഠിപ്പിച്ചു തന്നുവെന്ന് ബിനീഷ് പറഞ്ഞു. ജീവിച്ചിരുന്ന കാലഘട്ടമത്രയും അദ്ദേഹം നിരന്തരമായ പോരാട്ടത്തിലൂടെയാണ് കടന്നു പോയിരുന്നത്. അച്ഛനില്ലാത്ത ശൂന്യതയില്‍ ജീവിക്കുക എന്നതല്ല, അത് നികത്തുകയാണ് വേണ്ടതെന്ന് ബിനീഷ് പറഞ്ഞു.
വര്‍ത്തമാന കാലത്തില്‍ രാഷ്ട്രീയത്തെ എങ്ങനെ സമീപിക്കുന്നു എന്നത് വളരെ പ്രസക്തമാണെന്നും ബിനീഷ് പറഞ്ഞു. രാഷ്ട്രീയത്തെ രാഷ്ട്രീയമായി വേണം കാണാന്‍. ആശയപരമായ ആക്രമണമാണ് വേണ്ടത്. അത് വ്യക്തിഹത്യയിലേക്ക് വഴിമാറരുത്. ആശയം കൃത്യമായി പറയാന്‍ കഴിയണം. അതിന് വിട്ടുവീഴ്ച വരുത്താതിരിക്കുക. വ്യക്തിപരമായ ബന്ധങ്ങള്‍ സൂക്ഷിക്കുക. ആളുകളെ കേള്‍ക്കാന്‍ മനസ് കാണിക്കുക. നിരന്തരമായി ആളുകളെ കേള്‍ക്കുക എന്നതാണ് ഏറ്റവും നല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അവരെ കേള്‍ക്കാനാണ് നമ്മളെ തിരഞ്ഞെടുത്തതെന്ന് പറയും. രാഷ്ട്രീയമറിയാന്‍ ആഗ്രഹിക്കുന്ന പുതുതലയ്ക്ക് മുന്നില്‍ തുറക്കാവുന്ന പുസ്തകമാണ് കോടിയേരിയെന്നും ബിനീഷ് പറഞ്ഞു.
ഇന്നും അച്ഛന്റെ ഓര്‍മകള്‍ അയവിറക്കി ആളുകള്‍ തലശ്ശേരിയിലെ വീട്ടില്‍ വരാറുണ്ടെന്ന് ബിനോയ് പറഞ്ഞു. പല ആളുകളെ കാണുമ്പോഴും ബന്ധപ്പെടുമ്പോഴും അച്ഛനെക്കുറിച്ച് പറയാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ അച്ഛന്‍ എത്രത്തോളം ജനങ്ങളുമായി ഇടപഴകി ജീവിച്ചു എന്ന് വ്യക്തമാകുമെന്നും ബിനോയ് പറഞ്ഞു. കോടിയേരിയുടെ ഓര്‍മകളിലാണ് തന്റെ ജീവിതമെന്ന് ഭാര്യ വിനോദിനിയും പറഞ്ഞു. അദ്ദേഹത്തിന്റെ വിടവ് ഒരുകാലത്തും നികത്താന്‍ കഴിയാത്തതാണ്. ആളുകള്‍ പരാതിയുമായി വീട്ടിലെത്തുമ്പോള്‍ അദ്ദേഹം അതെല്ലാം കേട്ടിരിക്കുമെന്ന് വിനോദിനി ഓര്‍ത്തെടുത്തു. കോടിയേരിയോട് എല്ലാ കാര്യങ്ങളും പറഞ്ഞു എന്ന ആശ്വാസത്തിലാണ് ആളുകള്‍ തിരിച്ചുപോയിരുന്നതെന്നും വിനോദിനി പറഞ്ഞു.
 
                        
                        