

കണ്ണൂർ: എല്ഡിഎഫ് കണ്വീനര് സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം ഇ പി ജയരാജന് ഇന്ന് ആദ്യമായി പാര്ട്ടി പരിപാടിയിലേക്ക് എത്തിയേക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന് ഗോവിന്ദന് അനുസ്മരണത്തിന്റെ ഭാഗമായി പയ്യാമ്പലത്ത് നടക്കുന്ന പുഷ്പാര്ച്ചനയില് ഇ പി ജയരാജന് പങ്കെടുക്കുമെന്നാണ് ജില്ലാ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. രാവിലെ 8.30ന് പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തിലാണ് പുഷ്പാര്ചന നടക്കുക.
എല്ഡിഎഫ് കണ്വീനര് സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി ജയരാജന് കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ പത്ത് ദിവസമായി മാധ്യമങ്ങളെ കാണാനോ പൊതുപരിപാടികളില് പങ്കെടുക്കാനോ ഇ പി തയ്യാറായിട്ടില്ല. പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്ത്തകരോട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ഇ പി അറിയിച്ചത്. ചടയന് ഗോവിന്ദന് അനുസ്മരണ പരിപാടിയിലേക്ക് ഇ പി എത്തുമോ എന്ന് പാര്ട്ടി നേതൃത്വം അടക്കം ഉറ്റുനോക്കുന്നുണ്ട്.
കോട്ടക്കൽ സ്റ്റേഷനിലെ കെട്ടിട നിർമാണം; സുജിത് ദാസ് പണപ്പിരിവ് നടത്തി, നിർമാണം അനധികൃതം: പിവി അൻവർഇ പി ജയരാജന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം പാര്ട്ടി നേതൃത്വത്തെ തന്നെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഈ ആരോപണം ഉയര്ന്നത്. രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലെന്നായിരുന്നു ഇ പി ഇതിനോട് പ്രതികരിച്ചത്. ഇ പിയെ കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. ഇതിനിടെ രാജീവിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റിന്റെ ജീവനക്കാരും ഇ പിയുടെ കുടുംബവും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നു. ഇതോടെ പാര്ട്ടി കൂടുതല് പ്രതിരോധത്തിലായി. ഇതിനിടയിലായിരുന്നു ഇ പി ജയരാജന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്ത്ത വന്നത്. ഇ പി ഇത് സമ്മതിക്കുക കൂടി ചെയ്തതോടെ പാര്ട്ടി കടുത്ത നടപടിയിലേക്ക് എത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് ഇ പിയെ എല്ഡിഎഫ് കണ്വീനര് സ്ഥാനത്ത് നിന്ന് നീക്കി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല.