
'കല്ലായിക്കടവത്ത് കാറ്റൊന്നും മിണ്ടീല..' എന്ന പാട്ട് കേട്ടിട്ടില്ലേ. യഥാർത്ഥത്തില് കാറ്റിനു പോലും മിണ്ടാനാകാത്ത അവസ്ഥയിലാണ് കല്ലായിപ്പുഴ. സംസ്ഥാനത്ത് ഏറ്റവും മലിനമാക്കപ്പെട്ട പുഴയാണ് കല്ലായി എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. അപകടകരമായ അളവിൽ കോളിഫോം ബാക്ടീരിയ അടക്കം പുഴയിലെ വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്. മരണാസന്നയായ കല്ലായിപ്പുഴയെ സംരക്ഷിക്കുക എന്ന ആവശ്യം ചൂണ്ടിക്കാണിച്ച് റിപ്പോര്ട്ടര് നടത്തിയ ലൈവാത്തോണിന് മികച്ച പ്രതികരണം. കോഴിക്കോട് മേയര് ബീനാ ഫിലിപ്പ് അടക്കമുള്ളവര് കല്ലായിപ്പുഴ സംരക്ഷിക്കപ്പെടണമെന്ന റിപ്പോര്ട്ടര് ടിവിയുടെ ക്യാംപെയ്ന് പിന്തുണ അറിയിച്ചു.
സിനിമാ ഗാനങ്ങളിലും മറ്റും പാടിപ്പതിഞ്ഞ കല്ലായിപ്പുഴ ഒരു കാലത്ത് എഴുത്തുകാരുടെ ഇഷ്ട ഇടമായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം മാലിന്യപ്പുഴയായി മാറിയ കല്ലായിയുടെ മരണമണിയാണ് മുഴങ്ങുന്നത്. പുഴയിലെ വെള്ളം കാലുകഴുകാൻപോലും പറ്റാത്തത്ര മലിനം. ഓക്സിജൻ അളവ് അപകടരമാംവിധം കുറവ്. സി.ഡബ്ള്യു.ആർ.ഡി.എം. നടത്തിയ പഠനങ്ങളിലും പുഴ അതീവ ഗുരുതരമായ തരത്തിൽ മലിനമാണെന്ന് കണ്ടെത്തിയിരുന്നു. 100 മില്ലിലിറ്റർ വെള്ളത്തിൽ 80,000 കോളിഫോം ബാക്ടീരിയ എന്നതാണ് ഞെട്ടിക്കുന്ന ആ കണക്ക്.
നഗരത്തിന്റെ മുഴുവൻ മാലിന്യവും നിറയുന്ന കനോലി കനാലാണ് കല്ലായിപ്പുഴയെ ഇത്രയേറെ മലിനമാക്കുന്നതെന്നാണ് വിദഗ്ദാഭിപ്രായം. 65 ഓവുചാലുകളാണ് കനോലിക്കനാലിലേക്ക് തുറക്കുന്നത്. പലഭാഗത്തുനിന്നുള്ള ചെളിമുഴുവൻ വന്നടിഞ്ഞ് പുഴയുടെ ഒഴുക്ക് പൂർണമായി നിലച്ചു. പുഴയുടെ പലഭാഗങ്ങളിലും മൺതിട്ടകൾ രൂപംകൊണ്ട് തുരുത്ത് പോലെയായി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കല്ലായിപ്പുഴയെ വീണ്ടെടുക്കണമെന്നും മാലിന്യമുക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഗ്രീൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഇന്ന് പരിസ്ഥിതി പ്രവർത്തക കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.
കല്ലായിയിലെ മാലിന്യപ്രശ്നത്തില് അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് റിപ്പോര്ട്ടര് ലൈവാത്തോണില് വ്യക്തമാക്കി. മാലിന്യമൊഴുക്കിയാൽ വൻപിഴ ചുമത്തുമെന്നാണ് മേയറുടെ മുന്നറിയിപ്പ്. ആശുപത്രിയിലെ മാലിന്യങ്ങൾ വരെ കല്ലായിപ്പുഴയിലേയ്ക്ക് ഒഴുക്കുന്നത് വലിയ പ്രശ്നമാണെന്ന് മേയര് ബീനാ ഫിലിപ്പ് ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രവര്ത്തികള്ക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മേയര് വ്യക്തമാക്കി. കല്ലായിപ്പുഴയുടെ നിലവിലെ അവസ്ഥയിൽ വേദനയുണ്ടെന്ന് പറഞ്ഞ മേയര് മാലിന്യവും രാസവസ്തുക്കളും കല്ലായിപ്പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നതായും ചൂണ്ടിക്കാണിച്ചു. കക്കൂസ് മാലിന്യമുൾപ്പെടെ രാത്രിയുടെ മറവിൽ തള്ളുന്നതും മേയര് ശ്രദ്ധയില്പ്പെടുത്തി. കല്ലായിപ്പുഴയെ മാലിന്യമുക്തമാക്കാനുള്ള റിപ്പോര്ട്ടര് ടിവിയുടെ ഇടപെടലിനെ പ്രശംസിച്ച ബീനാ ഫിലിപ്പ് കല്ലായിപ്പുഴ സംരക്ഷിക്കാനുള്ള ക്യാപെയ്ന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.