ആര്യയുടെ മൃതദേഹം കട്ടിലില്; ദേവിയുടേത് തറയില്; നവീനിന്റേത് കുളിമുറിയില്; നിർണായക വിവരങ്ങൾ

കൈ ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു മൂവരെയും കണ്ടെത്തിയത്

dot image

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും കോട്ടയം സ്വദേശികളായ ദമ്പതിമാരെയും അരുണാചല് പ്രദേശില് മരിച്ചനിലയില് കണ്ടെത്തിയ സംഭവത്തില് നിർണായക വിവരങ്ങൾ പുറത്ത്. ജിറോയിലെ ബ്ലൂപൈന് ഹോട്ടലിലെ 305-ാം നമ്പര് മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. കൈ ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു മൂവരെയും കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലില് കിടക്കുന്ന നിലയിലും ദേവിയുടെ മൃതദേഹം തറയില് കിടക്കുന്ന നിലയിലുമായിരുന്നു.

നവീന് തോമസിനെ കുളിമുറിയിലാണ് മരിച്ചനിലയില് കണ്ടെത്തിയത്. സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു എന്നായിരുന്നു ആത്മഹത്യകുറിപ്പിലുണ്ടായിരുന്നത്. ഒരു കടവുമില്ല, ഞങ്ങള്ക്ക് ഒരു പ്രശ്നവുമില്ല. ഞങ്ങള് എവിടെയാണോ അങ്ങോട്ട് പോകുന്നു എന്നെഴുതി മൂവരും കുറിപ്പില് ഒപ്പിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. മരിച്ചവരുടെ ബന്ധുക്കളെ അരുണാചല് പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. ബന്ധുക്കള് ഇവിടെയെത്തിയ ശേഷം പോസ്റ്റ്മോര്ട്ടം പൂര്ത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കും.

കോട്ടയം സ്വദേശികളായ ദമ്പതികളായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക ആര്യ (29) എന്നിവരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. മാര്ച്ച് മാസം 27-നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ആര്യ വീട്ടുകാരോടൊന്നും പറയാതെയാണ് ഇറങ്ങിപ്പോയത്. ആര്യയെ ഫോണില് ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാര്ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത് മാർച്ച് 17-നാണ്.

മാർച്ച് 28-നാണ് ഇവര് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. മൂന്നുനാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവര് പിതാവിനോട് പറഞ്ഞത്. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. കുട്ടികളില്ല. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്ക് തിരിഞ്ഞു. ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്ക് തിരിയുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ദേവി പ്രമുഖ വൈല്ഡ് ലൈഫ് ഫോട്ടോഗ്രാഫര് ബാലന് മാധവന്റെ മകളാണ്.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image