
കോട്ടയം: പാർലമെൻ്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി. സംസ്ഥാനത്തെ 20 പാർലമെൻ്റ് മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന പദയാത്ര സംഘടിപ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് അറിയിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് പദയാത്ര. 'പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജനുവരി മാസത്തിൽ പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാൽ ലക്ഷം പ്രവർത്തകർ പദയാത്രയിൽ അണിനിരക്കും.
കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗമാണ് പദയാത്ര നടത്താൻ തീരുമാനിച്ചത്. യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സംബന്ധിച്ചും ചർച്ചകൾ നടന്നു. എൻഡിഎ പ്രവർത്തനം കേരളത്തിൽ വിപുലപ്പെടുത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. എൻഡിഎ ജില്ലാ-നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
ക്രിസ്ത്യൻ സമൂഹവുമായി ഇടപഴകാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ക്രൈസ്തവരുടെ വീടുകളിൽ പാർട്ടി പ്രവർത്തകർ സന്ദർശിക്കാനാണ് തീരുമാനം. ഈ മാസം 20 മുതൽ 30 വരെ സ്നേഹ യാത്ര സംഘടിപ്പിക്കും. ക്രൈസ്തവ വീടുകളിലെത്തി ക്രിസ്തുമസ് ആശംസകൾ കൈമാറുമെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് എം ടി രമേശ് വ്യക്തമാക്കി.