നവകേരള സദസ്സിൻ്റെ ദിവസം രാഹുൽ ഗാന്ധി നിലമ്പൂരിലെത്തിയത് ഡി സി സി ഓഫീസിലെ ഗൂഢാലോചനയുടെ ഫലം; പിവി അൻവർ

നിലമ്പൂരിൽ നവകേരള സദസ്സ് നടക്കുന്ന ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ പരിപാടി നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ

dot image

മലപ്പുറം: മലപ്പുറം ഡി സി സി ഓഫീസിൽ നടന്ന ഗൂഢാലോചനയുടെ ഫലമായാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയതെന്ന് പി വി അൻവർ എംഎൽഎ. റിപ്പോർട്ടർ ചാനലിനോട് സംസാരിക്കുകയായിരുന്നു നിലമ്പൂർ എംഎൽഎ. നിലമ്പൂരിൽ നവകേരള സദസ്സ് നടക്കുന്ന ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ പരിപാടി നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അൻവർ ചൂണ്ടിക്കാണിച്ചു.

പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന റോഡുകൾ നിലമ്പൂരിൽ എത്തിയത് എംഎൽഎയെന്ന രീതിയിലുള്ള ശ്രമത്തിന്റെ ഫലമായി. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ സഹായത്തോടെയാണ് റോഡുകൾ നവീകരിക്കുന്നത്. രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയിട്ടില്ല. സംസ്ഥാന സർക്കാർ അറിയാതെ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചു. അതിനാലാണ് റോഡ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യേണ്ടി വന്നതെന്നും അൻവർ വ്യക്തമാക്കി. രാഹുൽ ഗാന്ധി അറിഞ്ഞുകൊണ്ടാണോ ഈ പരിപാടിയ്ക്ക് വന്നതെന്ന് സംശയം ഉണ്ടെന്ന് സൂചിപ്പിച്ച അൻവർ 100 രൂപ പോലും രാഹുൽ ഗാന്ധിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഈ പദ്ധതികൾക്ക് ചിലവാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെയും അൻവർ വിമർശിച്ചു. കിൻ്റർ ജോയ് എന്ന് ആളുകൾ വിളിക്കുന്നത് വെറുതെയല്ലെന്നായിരുന്നു അൻവറിൻ്റെ പരിഹാസം. രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ച് തനിക്ക് കത്ത് ലഭിച്ചിട്ടില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ നിൽക്കുന്നയാളെ കൊണ്ടുവന്ന് കോൺഗ്രസ് കൊലച്ചതി ചെയ്യുന്നു. രാഹുൽ ഗാന്ധി വരുമെന്ന് തോന്നുന്നില്ല. നവകേരള സദസ്സിനായി നിലമ്പൂരിൽ ഉണ്ടാക്കിയ മൂത്രപ്പുരയുടെ അത്ര വലിപ്പം രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് ഉണ്ടാവില്ലെന്നും പി വി അൻവർ പരിഹസിച്ചു.

ആര്യാടൻ ഷൗക്കത്തും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള പടലപ്പിണക്കത്തിലും അൻവർ പ്രതികരിച്ചു. ചെമ്മീൻ ചാടിയാൽ ചട്ടിയിൽ അല്ലെങ്കിൽ വലയിൽ എന്നതിനു സമാനമാണ് ആര്യാടൻ ഷൗക്കത്തിന്റെ കാര്യം. കോൺഗ്രസിന്റെ നിരവധി പൊറാട്ട് നാടകങ്ങൾ കണ്ടിട്ടുണ്ട്. ആർക്കും വലവിരിച്ചിട്ടില്ല, നിലമ്പൂരുകാർക്ക് അതിൻ്റെ ആവശ്യമില്ല.

dot image
To advertise here,contact us
dot image