
ആലപ്പുഴ: ജനകീയരോഷം നിലനിൽക്കേ സർവ്വകക്ഷി യോഗ തീരുമാനങ്ങൾ ലംഘിച്ച് ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ്. സ്ഥലത്ത് നാട്ടുകാർ സംഘടിച്ച് എത്തി പ്രതിഷേധം തുടരുന്നു. ലോഡ് കയറ്റിയ ടോറസ് വാഹനങ്ങളെ പുറത്തിറക്കാൻ അനുവദിക്കാതെ റോഡിൽ ഉപരോധം. കയറ്റിയ മണ്ണ് തിരിച്ചിറക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. തഹസിൽദാർ എത്തി കരാറുകാരനോട് താൽക്കാലത്തേക്ക് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറല്ലെന്നാണ് മറുപടി.
വൻ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നിർത്തി വയ്ക്കാൻ തീരുമാനമായിരുന്നു. എന്നാൽ തീരുമാനങ്ങൾ കാറ്റിൽ പറത്തി, യോഗം കഴിഞ്ഞു പത്താം ദിവസം വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. കരാറുകാരൻ പുലർച്ചെ നാലരയോടെ, ജെസിബികളുമായി കുന്നുകയറി. അഞ്ചരയോടെ ടോറസ് ലോറികളിൽ മണ്ണ് കയറ്റി തുടങ്ങി.
കോടതി ഉത്തരവുണ്ടെന്നും, മണ്ണെടുപ്പ് നിരോധിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ജില്ലാ കലക്ടർ ഇറക്കിയിട്ടില്ലെന്നുമായിരുന്നു കരാറുകാരന്റെ വാദം. പിന്നാലെ നാട്ടുകാർ സംഘടിച്ച് സ്ഥലത്തെത്തി. കുന്നിലേക്കുള്ള റോഡിൽ സ്ത്രീകളും കുട്ടികളും അടക്കം കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങി. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം മാവേലിക്കര താഹസീൽദാർ സ്ഥലത്തെത്തി കരാറുകാരനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, കരാറുകാരൻ പിന്തിരിയാൻ തയ്യാറായില്ല.
സമരത്തിന് മുൻനിരയിലുള്ള സ്ത്രീകൾ ഉച്ചയോടെ കുന്നിടിക്കുന്ന സ്ഥലത്തേക്ക് ഇരച്ചെത്തി. ലോറികളിൽ കയറ്റിയ മണ്ണ് തിരിച്ചിറക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധിച്ചു. അതിനിടെ നാട്ടുകാരനും, റാന്നി എംഎൽഎയുമായ പ്രമോദ് നാരായണൻ സ്ഥലത്തെത്തി. എന്നാൽ മുമ്പ് ഒരിക്കലും എം എൽ എ സ്ഥലത്ത് വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ചില സമരക്കാർ എംഎൽഎയ്ക്കെതിരെയും പ്രതിഷേധിച്ചു. മണ്ണെടുപ്പ് പൂർണ്ണമായും നിർത്തിവയ്ക്കുന്നത് വരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെയും സമരസമിതിയുടെയും തീരുമാനം.