വ്യാജനോ മണ്ഡലം പ്രസിഡന്റ്? വിജയിച്ച പ്രസിഡന്റിനെ കണ്ടെത്താനാകാതെ യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഷിദാണ് അജ്ഞാതനായി കാണാമറയത്ത് തുടരുന്നത്.

dot image

മലപ്പുറം: യൂത്ത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും വിവാദങ്ങൾ ഒഴിയുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മലപ്പുറം കുറ്റിപ്പുറത്തെ മണ്ഡലം പ്രസിഡന്റിനെ കാണാനില്ല. ഇയാളെ പെട്ടന്ന് കാണാതായതല്ല, ഇങ്ങനെയൊരാളെ ആ മണ്ഡലത്തിലെ ആർക്കുമറിയില്ല. കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഷിദാണ് അജ്ഞാതനായി കാണാമറയത്ത് തുടരുന്നത്.

274 വോട്ട് നേടിയ റാഷിദ് 40 വോട്ടിനാണ് എതിർസ്ഥാനാർത്ഥിയായ പി മുസ്തഫയെ പരാജയപ്പെടുത്തിയത്. എന്നാൽ വോട്ട് ചെയ്ത 274 പേർക്കുമറിയില്ല ഈ റാഷിദ് ആരാണെന്നും ഇയാൾ കാണാൻ എങ്ങനെയാണെന്നും. ഇപ്പോൾ മണ്ഡലത്തിലുള്ള മുഹമ്മദ് റാഷിദുമാരെയെല്ലാം വിളിച്ച് ചോദിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ യൂത്ത് കോൺഗ്രസുകാർ.

ഔദ്യോഗികപക്ഷ സ്ഥാനാർഥിയായാണ് മുഹമ്മദ് റാഷിദ് മത്സരിച്ചത്. വ്യാജനായ വ്യക്തിയെ മത്സരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാണ് പരാജയപ്പെട്ട സ്ഥാനാർത്ഥി പി മുസ്തഫ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ ആസൂത്രിത അട്ടിമറി നടന്നെന്ന ആരോപണവുമായി എ ഗ്രൂപ്പ് രംഗത്തെത്തി.

വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന് ആരോപണം; യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെതിരെ പരാതി

ഇതിനിടെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന പരാതിയും ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ചെന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ച നേതാക്കൾ നൽകിയിരിക്കുന്ന പരാതി. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയത്. ആപ്ലിക്കേഷന്റെ ലിങ്ക് പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. നിലവിൽ അഞ്ചോളം പരാതികളാണ് നൽകിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തില് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

വ്യാജ കാർഡ് ഉപയോഗിച്ച് വ്യാപകമായി അംഗത്വം ചേർത്തെന്നും ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം റദ്ദാക്കണമെന്നും നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി, കോൺഗ്രസ് പ്രസിഡന്റ് എന്നിവർക്കാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

dot image
To advertise here,contact us
dot image