
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മലയോര തീരദേശ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ കനക്കും. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശ വാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അപകടമേഖലയിലുള്ളവർ മാറിത്താമസിക്കണം. തുലാവർഷമെത്തിയതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായിരുന്നു.
ഇന്നലെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ പെയ്തിരുന്നു. കോട്ടയം വടവാതൂരിൽ അരമണിക്കൂറിനിടെ 43 മില്ലീ മീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് കോവിൽ റോഡ് അടച്ചു. തിരുവനന്തപുരത്ത് പിരപ്പൻകോട് രണ്ട് മണിക്കൂറിനിടെ 67 മില്ലീമീറ്ററും നെയ്യാറ്റിൻകരയിൽ 56 മില്ലീമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിൽ പെയ്ത കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വെള്ളം കയറിയതോടെ എസ്എസ് കോവിൽറോഡ് താത്കാലികമായി അടച്ചു. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര ഡാമിൻറെ ഷട്ടറുകൾ 50 സെൻറീമീറ്റർ കൂടി ഉയർത്തി.
തേജ് ചുഴലിക്കറ്റിന്റെ വേഗത കുറഞ്ഞു; കനത്ത മഴ പ്രതീക്ഷിക്കുന്നതായി സിഎഎ