

ആലപ്പുഴ: ചമ്പക്കുളം മൂലം വളളംകളിക്കിടെ വെപ്പ് വളളം മറിഞ്ഞ് അപകടമുണ്ടായതിന് പിന്നിൽ സംഘാടകരുടെ വീഴ്ചയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. അപകടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. ഭാവിയിൽ ഇത്തരം വീഴ്ചകളുണ്ടാവാതിരിക്കാൻ സംഘാടകർ ശ്രമിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
അതേസമയം സ്പീഡ് ബോട്ടുകളെ നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വനിതകളായ തുഴച്ചിലുകാർ ആരോപിച്ചു. തെക്കനോടി എന്ന് പേരുളള വളളമാണ് മുങ്ങിയത്. സിഡിഎസ് കുടുംബശ്രീ പ്രവർത്തകരായ 30 ഓളം സ്ത്രീകളാണ് വളളത്തിലുണ്ടായിരുന്നത്. പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ മുഴുവൻ സ്ത്രീകളേയും രക്ഷപ്പെടുത്താനായി.
ഫിനിഷിങ് പോയന്റിന് മുന്നൂറ് മീറ്റർ അകലെ വെച്ചാണ് വളളം മറിഞ്ഞത്. കൂടുതൽ പേരും നീന്തി കരയ്ക്കുകയറുകയായിരുന്നു. മറ്റുളളവരെ പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ചുണ്ടൻ വിഭാഗത്തിന്റെ ലൂസേർസ് ഫൈനൽ അവസാനിക്കും മുൻപേ തെക്കനോടി മത്സരം ആരംഭിച്ചിരുന്നു. മറ്റ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെ ജലപാതയിലുണ്ടായ ശക്തമായ ഓളങ്ങൾ മൂലമാണ് തെക്കനോടി വള്ളം മറിഞ്ഞതെന്നും വിലയിരുത്തലുണ്ട്.