ഭൂചലനത്തില്‍ വിറങ്ങലിച്ച് കൊളംബിയ; മരണസംഖ്യ ഉയരുന്നു, നിരവധി പേര്‍ക്ക് പരിക്ക്

കൊളംബിയയിലെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു

ഭൂചലനത്തില്‍ വിറങ്ങലിച്ച് കൊളംബിയ; മരണസംഖ്യ ഉയരുന്നു, നിരവധി പേര്‍ക്ക് പരിക്ക്
dot image

ബൊഗോട്ട: കൊളംബിയയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. ഏഴുപതോളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊളംബിയയില്‍ ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അയല്‍രാജ്യങ്ങളായ ഇക്വഡോറിലും പനാമയിലും വെനസ്വേലയിലും ഭൂചലനം അനുഭവപ്പെട്ടു.

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.34നായിരുന്നു ഭൂചലനമുണ്ടായത്. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായുള്ള സാന്‍ ഹോസ് ഡെല്‍ പാല്‍മര്‍ എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടുണ്ട്. കിലോമീറ്ററുകള്‍ ചൂറ്റളവിലുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.

കാലി, അര്‍മേനിയ, പെരെയ്‌ര, മെഡലിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ കാലിയിലാണ് ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്.

കൊളംബിയയിലെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു. പെരെയ്‌ര, മാനിസെല്‍സ്, അര്‍മേനിയ, കര്‍ടഗോ, ബോനവെന്റുറ എന്നീ വിമാനത്താവളങ്ങള്‍ വൈദ്യ-സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായി മാത്രമായിരിക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കുകയെന്ന് കൊളംബിയന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. സാഹചര്യം നിരീക്ഷിക്കുകയാണെന്നും സഹായത്തിനായി തയ്യാറെടുക്കുന്നതായും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു.

Content Highlights: Colombia has been shaken by a powerful earthquake, with the death toll rising and several people reported injured as rescue and relief efforts continue.

dot image
To advertise here,contact us
dot image