മദീന ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതി ആക്രമണമെന്ന് സൗദി അറേബ്യ; ഇന്ന് ആക്രമിച്ചില്ലെന്ന് ഹൂതികൾ

ഇതിനിടെ ഹൂതികൾ സൗദിയിൽ ലക്ഷ്യമിടുന്ന പ്രദേശങ്ങളുടെ പരിധി വർധിക്കുന്നതായി റിപ്പോർട്ടുകൾ

മദീന ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതി ആക്രമണമെന്ന് സൗദി അറേബ്യ; ഇന്ന് ആക്രമിച്ചില്ലെന്ന് ഹൂതികൾ
dot image

റിയാദ്: സൗദി അറേബ്യയിലെ ഡസൻ കണക്കിന് വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണശ്രമം നടത്തിയതായി സഖ്യസേനയുടെ വക്താവ് തുർക്കി അൽ മാലിക്കി. മലനിരകളിലെ ഹൂതികളുടെ 127 ആയുധശേഖര കേന്ദ്രങ്ങൾ സഖ്യസേന തകർത്തതായും അദ്ദേഹം വ്യക്തമാക്കി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ 10 ഡ്രോണുകളും മിസൈലുകളും മറ്റ് പ്രൊജക്ടൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അൽ മാലിക്കി വ്യക്തമാക്കി. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അൽ മാലിക്കി പറഞ്ഞു. മദീന മേഖലയിലേക്ക് വന്ന ക്രൂസ് മിസൈൽ സഖ്യസേന തടഞ്ഞ് തകർത്തതായും സഖ്യസേനയുടെ വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു. ഇതിനിടെ നജ്‌റാനിലും ജീസാനിലും സൗദി അറേബ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സൗദി സിവിൽ ഡിഫൻസ് വിഭാഗമാണ് നജ്‌റാൻ, ജീസാൻ മേഖലകളിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് ഔദ്യോഗിക ടെലിവിഷനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ സൗദി അറേബ്യക്കെതിരെ ഇന്ന് ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹൂതികൾ വ്യക്തമാക്കിയിരിക്കുന്നത്. ഹൂതികളുടെ സൈനിക വക്താവ് യഹ്യ സരീഅ് ആണ് മദീനയ്ക്ക് നേരെ മിസൈൽ ആക്രമണം നടന്നെന്ന സൗദിയുടെ ആരോപണം നിഷേധിച്ച് രം​ഗത്ത് വന്നത്. മദീന ലക്ഷ്യമാക്കി എത്തിയ ക്രൂസ് മിസൈൽ തടഞ്ഞ് തകർത്തതായി സൗദിയുടെ പിന്തുണയുള്ള സഖ്യസേന അറിയിച്ചതിന് പിന്നാലെയാണ് ഹൂതി വക്താവിന്റെ പ്രതികരണം.

ഇതിനിടെ ഹൂതികൾ സൗദിയിൽ ലക്ഷ്യമിടുന്ന പ്രദേശങ്ങളുടെ പരിധി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യയിലെ ധഹ്‌റാൻ നഗരത്തിലുള്ള സൗദി അരാംകോയുടെ ആസ്ഥാനത്തിന് നേരെ ഹൂതികൾ ആക്രമണം നടത്താൻ ശ്രമിച്ചത് അവരുടെ മിസൈലുകളുടെ പ്രഹരപരിധി വർധിക്കുന്നതിന്റെ സൂചനയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏകദേശം 1,200 കിലോമീറ്റർ (745 മൈൽ) അകലെയുള്ള ലക്ഷ്യത്തിലേക്ക് ആക്രമണം നടത്താനുള്ള ശേഷി ഹൂതികൾക്കുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് സൗനിക വിദ​ഗ്ധരുടെ വിലയിരുത്തൽ. മിസൈലുകൾ സൗദി സൈന്യം തടഞ്ഞെങ്കിലും ഇത്തരം ആക്രമണശ്രമങ്ങൾ സൗദിയുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഗുരുതര ഭീഷണിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൊവ്വാഴ്ച അരാംകോ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തം അധികൃതർ നിയന്ത്രണവിധേയമാക്കിയതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും വിശദീകരണമുണ്ടായിരുന്നു.

ഇതിനിടെ ഇന്ധനക്ഷാമം യമനിലെ ഡയാലിസിസ് രോഗികളെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്. യമനിലെ തായിസ് മേഖലയിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ ഡയാലിസിസ് ചികിത്സ തേടുന്ന രോഗികൾ ജീവൻമരണ പോരാട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ഇന്ധനക്ഷാമം മൂലം ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം നിലയ്ക്കുമെന്ന ആശങ്കയാണ് രോഗികളെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനിടെ യമനിൽ 2 ലക്ഷത്തിലധികം പേർ പലായനം ചെയ്തതായും ഭക്ഷ്യവിതരണം താറുമാറാകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. യമനിൽ പോരാട്ടം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ 2 ലക്ഷത്തിലധികം പേർ വീടുവിട്ട് പലായനം ചെയ്തതായി നോർവീജിയൻ അഭയാർഥി കൗൺസിൽ അറിയിച്ചിരിക്കുന്നത്. സംഘർഷം രൂക്ഷമായതോടെ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണവും തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

തായിസ് മേഖലയിൽ പോരാട്ടത്തിന്റെ മുൻനിരകൾ മാറിക്കൊണ്ടിരിക്കുന്നത് സാധാരണക്കാരെ ഒറ്റപ്പെടുത്തുകയും അവശ്യസാധനങ്ങളുടെ വരവ് തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് എൻആർസി പറയുന്നത്.. ഇതോടെ മേഖലയിൽ ഭക്ഷ്യവിലയിൽ 50 ശതമാനം വർധനയുണ്ടായതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വരും ആഴ്ചകളിൽ തന്നെ ഗോതമ്പുപൊടിയുടെ ശേഖരം തീർന്നേക്കാമെന്നും ഇന്ധനക്ഷാമം കുടിവെള്ള ലഭ്യതയെയും ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്. എൻആ‍ർസിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പലായനം ചെയ്തവർക്കുള്ള താൽക്കാലിക താമസകേന്ദ്രങ്ങളിൽ ചിലയിടങ്ങളിൽ ആളുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ പോലുമില്ലാതെയാണ് കുടുംബങ്ങൾ ഇവിടങ്ങളിലേക്ക് എത്തുന്നതെന്നും അവർ വ്യക്തമാക്കി.

Content Highlights: Saudi Arabia has accused the Houthis of targeting locations including Medina, while the Houthi group has denied carrying out any attacks today

dot image
To advertise here,contact us
dot image