'ഹൂതികളെ തടയാന്‍ ഇറാനോട് ചൈന സ്വകാര്യമായി ആവശ്യപ്പെട്ടു'; റിപ്പോര്‍ട്ട്

അതേസമയം ചൈനീസ് ഇടപെടിലിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ സൗദിയും ഇറാനും തയ്യാറായിട്ടില്ല

'ഹൂതികളെ തടയാന്‍ ഇറാനോട്  ചൈന സ്വകാര്യമായി ആവശ്യപ്പെട്ടു'; റിപ്പോര്‍ട്ട്
dot image

തെഹ്‌റാന്‍/ ബീജിങ്: സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാന്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കണമെന്ന് സ്വകാര്യമായി ചൈന ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സൗദി ചൈനയുടെ സഹായം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നീക്കമുണ്ടായതെന്ന് ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂതികള്‍ ചെങ്കടല്‍ തീരത്തും ബാബ് എല്‍ മാന്‍ദേബ് കടലിടുക്കിന് സമീപവും ശക്തമായ ആക്രമണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ചൈനയോട് സൗദി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഹൂതി ആക്രമണം സൗദിയുടെ എണ്ണ കയറ്റുമതിയെയും ഷിപ്പിങ്ങിനെയും സാരമായി ബാധിച്ചിട്ടുണ്ട്.

Also Read:

ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന, അവര്‍ ആശ്രയിക്കുന്ന ഊര്‍ജ്ജ പാതകളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നത് തടയണം എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ഇറാന്റെ ഇടപെടല്‍ തേടിയതെന്നാണ് വിവരം. എന്നാല്‍ ഏത് മാര്‍ഗത്തിലൂടെയാണ് ചൈന ഈ ആവശ്യം ഇറാന്റെ മുന്നില്‍ വെച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇറാനിയന്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ ചൈന സന്ദര്‍ശന വേളയിലാണോ ഇക്കാര്യം സംസാരിച്ചതെന്ന കാര്യത്തിലും അവര്‍ പ്രതികരിച്ചിട്ടില്ല. പ്രാദേശികമായ സ്ഥിരതയും സമാധാനവും പുലരണമെങ്കില്‍ ഇറാന്റേമേല്‍ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിക്കണമെന്നാണ് ഇറാന്‍ നല്‍കിയ മറുപടിയെന്നാണ് വിവരം. അതേസമയം ആവശ്യം ഉന്നയിച്ചെങ്കിലും ചൈനീസ് അധികൃതര്‍ ഒരു തരത്തിലുള്ള ഭീഷണികളോ സാമ്പത്തിക സമ്മര്‍ദമോ ഇറാന് മേല്‍ ചുമത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

യെമനിലും ചെങ്കടലിലും സംഘര്‍ഷം അധികരിക്കുന്നതില്‍ താത്പര്യപ്പെടുന്നില്ലെന്നും എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നതുമാണ് തങ്ങളുടെ താത്പര്യമെന്നാണ് ചൈനയുടെ നിലപാട്. സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു സൗകര്യങ്ങളും ആക്രമിക്കപ്പെടരുത്. സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചൈനീസ് ഇടപെടിലിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ സൗദിയും ഇറാനും തയ്യാറായിട്ടില്ല. ഒരു പതിറ്റാണ്ടിലേറെ ഇറാന്റെ എണ്ണ വാങ്ങുന്ന പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണ് ചൈന. അതിനാല്‍ ഹൂതികളുടെ ആക്രമണങ്ങളെ നിയന്ത്രിക്കാനായി ഇറാന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന രാജ്യങ്ങളില്‍ ഒന്ന് ചൈനയാണെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

Content Highlights: China has privately urged Iran to help restrain Yemen’s Houthi movement after Saudi Arabia sought Beijing’s intervention, Reuters reported.

dot image
To advertise here,contact us
dot image