വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ സ്വാധീനം ചെറുക്കാൻ പുതിയ നിയമ നിർമ്മാണത്തിന് ഒരുങ്ങി ഇറാൻ പാർലമെൻ്റ്

അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ധനസഹായം ലഭിക്കുന്നതോ ഇറാൻ ശത്രുതാപരമായി കണക്കാക്കുന്നതോ ആയ വിദേശ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതോ ചർച്ചകളിൽ പങ്കെടുക്കുന്നതോ നിരോധിക്കുമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ

വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ സ്വാധീനം ചെറുക്കാൻ പുതിയ നിയമ നിർമ്മാണത്തിന് ഒരുങ്ങി ഇറാൻ പാർലമെൻ്റ്
dot image

ടെഹ്റാൻ: അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ധനസഹായം ലഭിക്കുന്നതോ ഇറാൻ ശത്രുതാപരമായി കണക്കാക്കുന്നതോ ആയ വിദേശ മാധ്യമങ്ങളുമായുള്ള അഭിമുഖം അടക്കമുള്ള ആശയവിനിമയങ്ങൾ കുറ്റകരമാക്കുന്ന ബില്ലിന്റെ അടിസ്ഥാന തത്വങ്ങൾക്ക് അം​ഗീകാരം നൽകി ഇറാൻ പാർലമെന്റ്. ഷാർഗ് ദിനപത്രത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെയോ ഇസ്രായേലിന്റെയോ ധനസഹായം ലഭിക്കുന്നതോ ഇറാൻ ശത്രുതാപരമായി കണക്കാക്കുന്നതോ ആയ വിദേശ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതോ ചർച്ചകളിൽ പങ്കെടുക്കുന്നതോ നിരോധിക്കുമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കും. മറ്റ് വിദേശ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതിന് മുമ്പ് ഇന്റലിജൻസ് മന്ത്രാലയത്തെ അറിയിക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. വിദേശ എംബസികൾ, വിദേശ സംഘടനകളുടെ ഓഫീസുകൾ, മറ്റ് വിദേശ സ്ഥാപനങ്ങൾ എന്നിവയുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അറിയിപ്പും രേഖാമൂലമുള്ള അനുമതിയും കൂടാതെ ബന്ധപ്പെടുകയാണെങ്കിൽ പിഴയും ചില സാമൂഹിക അവകാശങ്ങളിൽ നിന്ന് വിലക്കും നേരിടേണ്ടിവരുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.

വിദേശികളുടെ നിർദേശപ്രകാരമോ മേൽനോട്ടത്തിലോ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കൂടുതൽ കർശനമായ ശിക്ഷയാണ് ബിൽ നിർദേശിക്കുന്നത്. ഇന്റലിജൻസ് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശികൾക്ക് വിവരങ്ങൾ കൈമാറുന്നതും വിലക്കപ്പെടും. സർക്കാർ അംഗീകരിച്ച പട്ടികയ്ക്ക് പുറത്തുള്ള വിദേശ സ്ഥാപനങ്ങളുമായുള്ള ശാസ്ത്ര-സാങ്കേതിക സഹകരണത്തിനും നിയന്ത്രണം ഏർപ്പെടുത്തും. വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം ഇറാന്റെ സുരക്ഷയ്ക്കോ സ്വാതന്ത്ര്യത്തിനോ ഹാനികരമായ നയങ്ങളോ നിയമനിർമാണ നിർദേശങ്ങളോ മുന്നോട്ടുവെച്ചാൽ പരമാവധി 30 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഇത്തരം കേസുകൾ വിപ്ലവ കോടതികളായ റവല്യൂഷണറി കോടതികളാകും പരിഗണിക്കുകയെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

ബിൽ ഇനി പാർലമെന്റിൽ ഓരോ വകുപ്പായും ചർച്ച ചെയ്ത് അംഗീകരിക്കണം. തുടർന്ന് അന്തിമ രൂപത്തിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ അത് ഗാർഡിയൻ കൗൺസിലിന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം മാത്രമേ നിയമമാകൂ. വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ സ്വാധീനം ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിൽ അവതരിപ്പിച്ചതെന്നാണ് പാർലമെന്റിന്റെ നീതിന്യായ-നിയമകാര്യ സമിതി അംഗമായ ഒസ്മാൻ സലാരിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ബില്ലിലെ ഓരോ വ്യവസ്ഥയും ഇനിയും പാർലമെന്റിൽ പ്രത്യേകം ചർച്ച ചെയ്ത് അംഗീകരിക്കാനുണ്ടെന്നും അതിനാൽ ബില്ലിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള നിലവിലെ റിപ്പോർട്ടുകൾ അന്തിമമായി കണക്കാക്കരുതെന്നും സ്മാൻ സലാരിയെ ഉദ്ധരിച്ച് മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വിദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം കുറ്റകരമാക്കുന്നത് ഇറാനിൽ ആദ്യമായല്ല. ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിന് പിന്നാലെ 2025-ൽ പാസാക്കിയ നിയമം ശത്രുരാജ്യങ്ങളുമായുള്ള സഹകരണത്തിന് കൂടുതൽ കർശനമായ ശിക്ഷകൾ ഏർപ്പെടുത്തിയിരുന്നു. ഇറാനിയൻ ഫോട്ടോജേർണലിസ്റ്റായ യൽദ മൊഐയേരിക്ക് ഈ മാസം പ്രസ്തുത നിയമപ്രകാരം 15 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ശത്രുതാപരമെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതും അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ള സംഘടനകൾക്ക് ചിത്രങ്ങൾ കൈമാറിയതുമടക്കമുള്ള ആരോപണങ്ങളാണ് കേസിൽ ഉന്നയിച്ചിരുന്നത്.

Content Highlights: Iran's Parliament has approved the general principles of a new bill aimed at countering the influence of foreign intelligence agencies, with detailed provisions set to be debated later.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us