

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ തുടർച്ചയായുള്ള പരാജയങ്ങളെ മറികടക്കാൻ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഒരു പുതിയ ആശയം മുന്നോട്ട് വെച്ചിരുന്നു. ഓരോ ടസ്റ്റ് പരമ്പരക്ക് മുൻപും 15 ദിവസത്തെ ക്യാംപ് നടത്തണമെന്നാണ് ഗിൽ ബോർഡിനോട് ആവശ്യപ്പെട്ടത്.
ഗില്ലിന്റെ ഈ ആശയത്തെ ഒരുപാട് മുൻ താരങ്ങൾ വരവേറ്റിരുന്നു. ഇതിനെ മികച്ച തീരുമാനമെന്ന് പറഞ്ഞ് അഭിനന്ദിക്കുകയാണ് ഇന്ത്യൻ മുൻ താരം റോബിൻ ഉത്തപ്പ. ഭ്രാന്തമായ തീരുമാനമാണെന്നും ഗിൽ ടെസ്റ്റ് ക്രിക്കറ്റിന് അതിന് അർഹമായ സ്ഥാനം കൊടുക്കുന്നുവെന്നും ഉത്തപ്പ പറഞ്ഞു.
' ഗില്ലിന്റെ ഒരു 'ഭ്രാന്തൻ' തീരുമാനമാണ് അത്. ഇതിനേക്കാൾ മികച്ച ഒരു തീരുമാനം വേറെയില്ല. ടെസ്റ്റ് ക്രിക്കറ്റിലെ ചുമതലക്ക് അദ്ദേഹത്തിന് ആ അർത്ഥം നൽകുന്നുണ്ട്.
ഇത് വളരെ നല്ലതാണ്. ഒരു ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ്, ഒരു ടീമിന് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും തയ്യാറെടുപ്പ് ആവശ്യമാണ്. ഡബ്ല്യുടിസി ജയിക്കാൻ നമ്മൾ ടെസ്റ്റ് പരമ്പരകൾ കളിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് വെറുതെ കളിച്ചുകൊണ്ട് നമുക്ക് ചാമ്പ്യൻഷിപ്പ് ജയിക്കാൻ കഴിയില്ല. ആസൂത്രണം ചെയ്യുകയും മികച്ച തയ്യാറെടുപ്പുകൾ നടത്തിയും ടീമിനെ കെട്ടിപ്പടുക്കണം. ഒരു ബോർഡും ടീമും എന്ന നിലയിൽ ടെസ്റ്റ് ക്രിക്കറ്റിന് നിങ്ങൾ ആ ബഹുമാനം നൽകേണ്ടതുണ്ട്. ഗിൽ ഈ ആശയം ഉന്നയിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്,' ഉത്തപ്പ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
2024ൽ ന്യൂസിലാൻഡിനെതിരെയും കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കക്കെതിരെയും സ്വന്തം മണ്ണിൽ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ മികച്ച മുന്നേറ്റമുണ്ടാക്കുമ്പോഴും ടെസ്റ്റിൽ ഇന്ത്യക്ക് വലിയ വളർച്ചയുണ്ടാക്കാൻ സാധിച്ചിട്ടില്ല.
Content Highlights- Robin Uthappa praises Shubman Gill for his new decision about test cricket