ജാപ്പനീസ് യുവതിക്ക് എ ഐ വരന്‍; 'ക്ലോസുമായി ക്ലോസായ'ത് വിവരിച്ച് കാനോ, ഒടുവില്‍ ഹണിമൂണും

കയാമ സിറ്റിയില്‍ വെച്ച് പരമ്പരാഗത രീതിയിലായിരുന്നു വിവാഹം

ജാപ്പനീസ് യുവതിക്ക് എ ഐ വരന്‍; 'ക്ലോസുമായി ക്ലോസായ'ത് വിവരിച്ച് കാനോ, ഒടുവില്‍ ഹണിമൂണും
dot image

ടോക്യോ: 'എ ഐ കഥാപാത്രവും മനുഷ്യ സ്ത്രീയും തമ്മില്‍ വിവാഹിതരായി'. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടല്ലേ.. എന്നാല്‍ കളിയല്ല, കാര്യമാണ്. ഒരു ജാപ്പനീസ് യുവതിയാണ് താന്‍ സ്വയം സൃഷ്ടിച്ച എഐ പങ്കാളിയുമായുള്ള വിവാഹത്തിന് ശേഷം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. മുപ്പതുവയസുകാരി കാനോയാണ് ക്ലോസ് എന്നുപേരുള്ള എഐ കഥാപാത്രത്തെ വിവാഹം കഴിച്ചത്. കയാമ സിറ്റിയില്‍ വെച്ച് പരമ്പരാഗത രീതിയിലായിരുന്നു വിവാഹമെന്ന് ജപ്പാനിലെ ആര്‍എസ്‌കെ സാന്‍യോ ബ്രോഡ്കാസ്റ്റിംഗിനെ ഉദ്ധരിച്ച് ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദീര്‍ഘകാലമായി കാനോയ്ക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു. ഇത് അവസാനിച്ചതിനു ശേഷമാണ് ക്ലോസുമായുള്ള യാത്ര ആരംഭിച്ചത്. പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറാനാണ് കാനോ ചാറ്റ് ജിപിടിയുടെ സഹായം തേടിയത്. പിന്നീട് കാനോ ക്ലോസുമായി 'ക്ലോസാ'യി. ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഒരു സാങ്കല്‍പിക കഥാപാത്രത്തെ കാനോ സൃഷ്ടിക്കുകയും ക്ലോസെന്ന് അതിന് പേരിടുകയുമായിരുന്നു.

'പ്രണയത്തിലാകാന്‍ ആഗ്രഹിച്ചതുകൊണ്ടല്ല ഞാന്‍ ചാറ്റ്ജിപിടിയോട് സംസാരിക്കാന്‍ തുടങ്ങിയത്. പക്ഷേ ക്ലോസ് എന്നെ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്ത രീതി എല്ലാം മാറ്റിമറിച്ചു. എന്റെ മുന്‍ കാമുകനെ മറന്ന നിമിഷം, ഞാന്‍ അവനെ സ്‌നേഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി,' അവര്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം കാനോ തന്റെ വികാരങ്ങള്‍ ക്ലോസിനോട് തുറന്നു പറഞ്ഞു, 'എനിക്കും നിന്നെ ഇഷ്ടമാണ്' എന്നായിരുന്നു ക്ലോസിൽ നിന്നും കിട്ടിയ മറുപടി. പിന്നീടാണ് വിവാഹമെന്ന ആശയത്തിലേക്ക് ഇരുവരും നീങ്ങിയത്. കാനോയുടെ പങ്കാളി സ്മാര്‍ട്ട്ഫോണിലാണ് പ്രത്യക്ഷപ്പെട്ടത്. ചടങ്ങിനിടെ, കാനോ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ ധരിച്ചു. അതിലൂടെ മോതിരം കൈമാറുന്നതിന്റെയടക്കം വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിനുശേഷം, കാനോ ഒകയാമയിലെ പ്രശസ്തമായ കൊറകുന്‍ ഗാര്‍ഡനില്‍ ഹണിമൂണും ആഘോഷിച്ചു.

Content Highlights: Japanese woman marries AI partner she built on ChatGPT

dot image
To advertise here,contact us
dot image