മോദി മഹാനായ വ്യക്തി, അദ്ദേഹം അത് ആഗ്രഹിക്കുന്നു; അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്‍കി ട്രംപ്

മോദി തന്റെ വളരെ നല്ല സുഹ്യത്താണെന്ന് ട്രംപ് ആവർത്തിച്ചു

മോദി മഹാനായ വ്യക്തി, അദ്ദേഹം അത് ആഗ്രഹിക്കുന്നു; അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്‍കി ട്രംപ്
dot image

വാഷിംഗ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ തുടരവെ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യാപാര ചര്‍ച്ചകള്‍ നടക്കുന്ന മോദി തന്റെ വളരെ അടുത്ത സുഹ്യത്താണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് പുകഴ്ത്തി. ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്, ഈ ശ്രമങ്ങളുടെ ഭാഗമായി അടുത്ത വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കാനുളള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മോദിയുമായുളള ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച ട്രംപ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചെറിയ തോതില്‍ എങ്കിലും കുറച്ചത് അമേരിക്കന്‍ സമ്മർദ്ദം കാരണമാണെന്നും ആവര്‍ത്തിച്ചു. തന്റെ വളരെ നല്ല സുഹ്യത്താണ് മോദി. താന്‍ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. അത് മനസിലാക്കി പ്രവര്‍ത്തിക്കുമെന്നാണ് ട്രംപ് ഇന്ത്യന്‍ സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞത്.

അമേരിക്കന്‍ സമ്മർദ്ദം മൂലം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് ട്രംപ് നേരത്തെയും അവകാശ വാദം ഉന്നയിച്ചിരുന്നു. യുക്രയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായുളള ചര്‍ച്ചയ്ക്കിടെയാണ് ട്രംപിന്റെ അവകാശവാദം. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ വലിയ വില നൽകേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് രം​ഗത്തെത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള തീരുവ ഇനിയും ഉയർത്തിയേക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അത് തുടർന്നാൽ അവർ വൻതോതിൽ താരിഫ് നൽകേണ്ടി വരുമെന്നുമായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

'ഇന്ത്യയെ സംബന്ധിച്ച് ഇവിടുത്തെ ജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയില്‍ എണ്ണ ലഭ്യമാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ ഇറക്കുമതി ചെയ്യുമ്പോള്‍ ഓരോ രാജ്യങ്ങളിലെയും വിലയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്നാണോ എണ്ണ ലഭിക്കുന്നത് ആ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുക എന്നതാണ് ഇന്ത്യയുടെ നയപരമായ തീരുമാനം. ഈ വിഷയത്തില്‍ ഏതെങ്കിലും വിദേശ രാജ്യം ഇടപെടേണ്ട കാര്യമില്ല' വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

Content Highlights: Donald Trump to Visit India Next Year

dot image
To advertise here,contact us
dot image