നാറ്റോയുടെ ഭാഗമെന്നാൽ സുരക്ഷിതരെന്ന് അർത്ഥമില്ല, പുടിനെ ഇപ്പോൾ തടഞ്ഞില്ലെങ്കിൽ അധിനിവേശം പടരും; സെലൻസ്കി

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആയുധമത്സരത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നതെന്ന് സെലൻസ്‌കി

നാറ്റോയുടെ ഭാഗമെന്നാൽ സുരക്ഷിതരെന്ന് അർത്ഥമില്ല, പുടിനെ ഇപ്പോൾ തടഞ്ഞില്ലെങ്കിൽ അധിനിവേശം പടരും; സെലൻസ്കി
dot image

ന്യൂയോർക്ക്: യുക്രെയ്ൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ആഗോള പിന്തുണ അഭ്യർത്ഥിച്ച് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കവെയാണ് സെലൻസ്‌കി ഇക്കാര്യം പറഞ്ഞത്. റഷ്യയുടെ ആക്രമണം യുക്രെയ്‌നിൽ മാത്രം ഒതുങ്ങില്ലെന്ന് പറഞ്ഞ സെലൻസ്‌കി, റഷ്യയെ ഇപ്പോൾ തടഞ്ഞില്ലെങ്കിൽ കൂടുതലിടത്തേക്ക് അധിനിവേശം പടരുമെന്ന മുന്നറിയിപ്പും നൽകി. യുക്രെയ്‌നിൽ വെടിനിർത്തൽ സാധ്യമാകാത്തത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വിസമ്മതിക്കുന്നത് കൊണ്ടാണെന്നും സെലൻസ്‌കി പറഞ്ഞു.

പോളണ്ട്, എസ്റ്റോണിയ എന്നിവിടങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ റഷ്യൻ ഡ്രോണുകൾ ആക്രമണം നടത്തിയകാര്യം ചൂണ്ടിക്കാട്ടിയ സെലൻസ്‌കി, ഇത് യൂറോപിന് വെല്ലുവിളിയാണെന്ന സൂചനയും മുന്നോട്ടുവെച്ചു. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റുവഴികളില്ല പോരാടുക തന്നെ ചെയ്യുമെന്നും സെലന്‍സ്കി വ്യക്തമാക്കി.

രാജ്യങ്ങളുടെ സമാധാനം അവരുടെ ആയുധങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ആയുധങ്ങളാണ് ആര് അതിജീവിക്കുമെന്നത് തീരുമാനിക്കുന്നതെന്നും സെലൻസ്‌കി പറഞ്ഞു. ഒരു ദീർഘകാല സൈനിക സഖ്യത്തിന്റെ, നാറ്റോയുടെ ഭാഗമാകുന്നതുകൊണ്ട് നിങ്ങൾ സുരക്ഷിതരാണെന്ന് അർത്ഥമില്ല. അന്താരാഷ്ട്ര നിയമങ്ങൾക്ക് യുദ്ധം അവസാനിപ്പിക്കാനാകുന്നില്ല. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആയുധമത്സരത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നതെന്നും സെലൻസ്‌കി പറഞ്ഞു.

അതേസമയം റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങൾ മുഴുവനും തിരിച്ചുപിടിക്കാൻ യുക്രെയ്‌ന് സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ക്രൈമിയ ഉൾപ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്‌ന് തിരികെ ലഭിക്കില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രെയ്‌ന്റെ ഏകദേശം 20 ശതമാനം പ്രദേശം റഷ്യ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

യുക്രെയ്‌നെതിരായ യുദ്ധത്തിന് റഷ്യക്ക് ഇന്ത്യയും ചൈനയുമാണ് പ്രധാനമായും സാമ്പത്തിക സഹായം നൽകുന്നതെന്ന ട്രംപിന്റെ ആരോപണത്തെ തള്ളി സെലൻസ്‌കി രംഗത്തുവന്നിരുന്നു. ഇന്ത്യ മിക്കപ്പോഴും യുക്രെയ്‌ന്റെ പക്ഷത്താണ് എന്നായിരുന്നു സെലൻസ്‌കി പറഞ്ഞത്.

Content Highlights: We have no choice but to fight, Ukraine’s Zelenskyy tells world leaders

dot image
To advertise here,contact us
dot image