പലസ്തീൻ പതാകയുടെ നിറമുളള വസ്ത്രം ധരിച്ചതിന് എംപിയോട് പുറത്തുപോകാൻ സ്പീക്കർ: തണ്ണിമത്തൻ ഷർട്ടിട്ട് മാസ് എൻട്രി

സഭയില്‍ നിന്ന് പുറത്തിറങ്ങിയ എസ്തര്‍ ഔവഹാന്‍ഡ് തിരിച്ചെത്തിയത് തണ്ണിമത്തന്‍ പ്രിന്റുളള ഷര്‍ട്ട് ധരിച്ചാണ്

പലസ്തീൻ പതാകയുടെ നിറമുളള വസ്ത്രം ധരിച്ചതിന് എംപിയോട് പുറത്തുപോകാൻ സ്പീക്കർ: തണ്ണിമത്തൻ ഷർട്ടിട്ട് മാസ് എൻട്രി
dot image

ആംസ്റ്റര്‍ഡാം: പലസ്തീന്‍ പതാകയുമായി സാദൃശ്യമുളള വസ്ത്രം ധരിച്ച് പാര്‍ലമെന്റിലെത്തിയ എംപിയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍. ഡച്ച് എംപി എസ്തര്‍ ഔവഹാന്‍ഡിനോടാണ് സ്പീക്കര്‍ നിയമസഭയ്ക്ക് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ എസ്തര്‍ പലസ്തീന്‍ പതാകയിലെ നിറങ്ങള്‍ക്ക് സമാനമായ നിറങ്ങളുളള ടോപ് ധരിച്ചാണ് എത്തിയത്. ബജറ്റ് ചര്‍ച്ചയ്ക്കിടെ എസ്തര്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ ഇടപെടുകയായിരുന്നു.


തീവ്ര വലതുപക്ഷ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡം (പിവിവി) നേതാവാണ് സ്പീക്കര്‍ മാര്‍ട്ടിന്‍ ബോസ്മ. ഒന്നിലേറെ തവണ സ്പീക്കര്‍ എസ്തറിന്റെ പ്രസംഗം തടസപ്പെടുത്തി. തുടര്‍ന്ന്, ഇത്തരം വസ്ത്രം ധരിച്ച് സഭയില്‍ നില്‍ക്കാനാകില്ലെന്നും വസ്ത്രം മാറ്റി വരൂ എന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. സഭയില്‍ രാഷ്ട്രീയ നിഷ്പക്ഷത എന്ന നിയമത്തിന് വിരുദ്ധമായാണ് എസ്തറിന്റെ വസ്ത്രധാരണമെന്നായിരുന്നു സ്പീക്കറുടെ പക്ഷം. തുടര്‍ന്ന് എസ്തറിനോട് സഭയില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, സഭയില്‍ നിന്ന് പുറത്തിറങ്ങിയ എസ്തര്‍ ഔവഹാന്‍ഡ് തിരിച്ചെത്തിയത് തണ്ണിമത്തന്‍ പ്രിന്റുളള ഷര്‍ട്ട് ധരിച്ചാണ്. തുടര്‍ന്ന് നാഷണല്‍ ബജറ്റിലെ തന്റെ നിലപാടുകള്‍ സഭയില്‍ അവതരിപ്പിച്ച് മടങ്ങുകയും ചെയ്തു. പലസ്തീന്‍ പതാകയുടെ നിറങ്ങളുളളതിനാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി ലോകവ്യാപകമായി ഉപയോഗിക്കുന്നതാണ് തണ്ണിമത്തന്‍. ഗാസയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്ന തണ്ണിമത്തനിലെ ചുവപ്പ്, കറുപ്പ്, പച്ച, വെളള എന്നീ നിറങ്ങളാണ് പലസ്തീന്‍ പതാകയിലും കാണാനാവുക.

പലസ്തീന്‍ പതാകയുടെയും തണ്ണിമത്തന്റെയും പ്രിന്റുളള വസ്ത്രം ധരിച്ചുളള എസ്തര്‍ ഔവഹാന്‍ഡിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിപേരാണ് എസ്തറിന് പിന്തുണയുമായി രംഗത്തെത്തുന്നത്. ധീരമായ നീക്കമാണ് എസ്തര്‍ നടത്തിയതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

Content Highlights: Speaker asks MP to leave for wearing Palestinian flag-colored clothing: Mass entry in watermelon shirt

dot image
To advertise here,contact us
dot image