നേപ്പാൾ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഇന്ത്യ ഉറച്ചുനിൽക്കും; സുശീല കർക്കിക്ക് ആശംസയുമായി മോദി

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാളിൽ സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റത്

നേപ്പാൾ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഇന്ത്യ ഉറച്ചുനിൽക്കും; സുശീല കർക്കിക്ക് ആശംസയുമായി മോദി
dot image

കഠ്മണ്ഡു: ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിക്ക് ആശംസ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാൾ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഇന്ത്യ ഉറച്ചുനിൽക്കുകയാണെന്നും മോദി കുറിച്ചു. നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി. കഴിഞ്ഞ ദിവസമായിരുന്നു സുശീല കർക്കിയുടെ സത്യപ്രതിജ്ഞ.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാളിൽ സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റത്. നേപ്പാൾ രാഷ്ട്രപതിയുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പുതിയ സർക്കാർ ചുമതലയേറ്റതോടെ പാർലമെന്റ് പിരിച്ചുവിട്ടു. രാഷ്ട്രീയ കലാപങ്ങൾ കാരണം രാജ്യം അനിശ്ചിതാവസ്ഥയിലായിരുന്നതിനാൽ സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള ഈ നീക്കം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

നേപ്പാളിലെ യുവജന പ്രതിഷേധത്തിൽ പ്രധാനമന്ത്രിയായിരുന്ന കെ പി ശർമ ഒലി നേരത്തെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ നേപ്പാൾ സൈന്യം നിയന്ത്രണമേറ്റെടുത്തിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദീപ് പൗഡേൽ, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരും രാജിവെച്ചിരുന്നു. നേപ്പാൾ പാർലമെന്റും സുപ്രീം കോടതിയും പ്രസിഡൻഷ്യൽ പാലസും പ്രക്ഷോഭകർ തകർത്തിരുന്നു. നേപ്പാൾ മുൻ പ്രധാനമന്ത്രി ത്സലനാഥ് ഖനാലിന്റെ വീടിനും പ്രക്ഷോഭകാരികൾ തീയിട്ടിരുന്നു. പിന്നാലെ വീട്ടിനുള്ളിലുണ്ടായിരുന്ന ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കർ വെന്തു മരിച്ചു.

ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമായത്. സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളിൽ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. സമൂഹമാധ്യമങ്ങൾ നിരോധിച്ചത് മാത്രമല്ല, അഴിമതിയും തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങൾ പ്രക്ഷേഭത്തിന് പിന്നിലുണ്ട്. 'You Stole Our Dreams , Youth Against Corruption' എന്നിങ്ങനെയാണ് നേപ്പാളിൽ നിന്നുയർന്നിരുന്ന മുദ്രാവാക്യങ്ങൾ.

Content Highlights: narendra modi extends best wishes to Sushila Karki the PM of the Interim Government of Nepal

dot image
To advertise here,contact us
dot image