
വാഷിംഗ്‌ടൺ: പലസ്തീനെ അംഗീകരിക്കുമെന്ന കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. കാനഡയുമായി വ്യാപാരകരാറിലേർപ്പെടാൻ ഇനി ബുദ്ധിമുട്ടായിരിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. അമേരിക്കയുമായി വ്യാപാരകരാറിലേർപ്പെടാൻ ലോകരാജ്യങ്ങൾക്ക് നൽകിയിരിക്കുന്ന അവസാന തീയതിയായ ഓഗസ്റ്റ് ഒന്ന് അടുത്തിരിക്കെയാണ് ട്രംപിന്റെ ഭീഷണി.
സെപ്റ്റംബറിൽ ചേരുന്ന ഐക്യരാഷ്ട്ര സമിതിയുടെ 80-ാമത് ജനറൽ അസംബ്ലിയിൽ പലസ്തീനെ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നതായാണ് കനേഡിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇസ്രയേൽ എന്ന രാഷ്ട്രത്തിനൊപ്പം സമാധാനത്തിലും സുരക്ഷയിലും ജീവിക്കുന്ന സ്വതന്ത്രവും, പ്രായോഗികവും, പരമാധികാരവുമുള്ള പലസ്തീൻ രാഷ്ട്രം എന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് കാനഡ വളരെക്കാലമായി പ്രതിജ്ഞാബദ്ധമാണെന്നും കാർണി വ്യക്തമാക്കിയിരുന്നു.
പലസ്തീൻ അതോറിറ്റി വളരെ അത്യാവശ്യമായ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമായതിനാലാണ് കാനഡ പലസ്തീനെ അംഗീകരിക്കാൻ തീരുമാനം എടുത്തതെന്നായിരുന്നു കാർണിയുടെ വിശദീകരണം. ഗാസയിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് 2026 നടത്താമെന്നും ഈ തെരഞ്ഞെടുപ്പിൽ ഹമാസിന് ഒരു പങ്കാളിത്തവും ഉണ്ടാകില്ലെന്നും പലസ്തീൻ അതോറിറ്റിയുടെ പ്രസിഡൻ്റ് മുഹമ്മദ് അബ്ബാസ് ഉറപ്പ് നൽകിയെന്നും കാർണി വ്യക്തമാക്കിയിരുന്നു. നേരത്തെ ബ്രിട്ടനും ഫ്രാൻസും പലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ഇസ്രയേൽ ഗാസയിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്തി കെയർ സ്റ്റാർമർ നേരത്തെ രംഗത്തെത്തിയിരുന്നു. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കത്തിന് മറുപടിയായിട്ടായിരുന്നു പലസ്തീനെ അംഗീകരിക്കുമെന്ന് മാക്രോൺ പ്രഖ്യാപിച്ചത്.
Content Highlights: Trump warns canada of hard trade deal after palestine statehood