
മോസ്‌കോ: റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചക്ക പ്രവിശ്യയിൽ ഉണ്ടായ ഭൂചലനം 1952ന് ശേഷമുണ്ടായ എറ്റവും വലുതും പ്രധാനപ്പെട്ടതുമെന്ന് റിപ്പോർട്ട്. ജപ്പാന്റെ പസിഫിക് തീരത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്തത്ര ഉയരത്തിലാണ് സുനാമി തിരകൾ ഉണ്ടാകുന്നത്. 50 സെന്റിമീറ്റർ ഉയരത്തിലാണ് തിരമാലകൾ ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിലെ വടക്കൻ കുറിൽസ്ക് മേഖലയിലും സുനാമി തിരകൾ കരയിലേക്ക് കയറിത്തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു
ഭൂചലനത്തിന്റെ തീവ്രത ആദ്യം രേഖപ്പെടുത്തിയത് 8.7 ആയിരുന്നെങ്കിൽ ഇപ്പോഴത് 8.8 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പുള്ളതിനാൽ ജപ്പാനിൽ വലിയതോതിലുള്ള ഒഴിപ്പിക്കലാണ് നടക്കുന്നത്. ഹവായ് ദ്വീപുകൾ, ഫിലിപ്പീൻസ്, അമേരിക്കയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കാലിഫോർണിയയുടെ വടക്കൻ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. രണ്ട് മുതൽ അഞ്ച് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നുമാണ് മുന്നറിയിപ്പ്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഇക്വഡോർ, പെറു, മെക്സിക്കോ എന്നിവിടങ്ങളിലും മുൻകരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കിഴക്കൻ ചൈനയിലും സുനാമി ഉണ്ടായേക്കാമെന്നും കരുതപ്പെടുന്നു.
യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനമാണ് പ്രദേശത്ത് സുനാമി സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നൽകിയത്. മൂന്ന് മുതൽ നാല് മീറ്റർ ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മാർഷൽ ദ്വീപുകൾ, ഫിലിപ്പൈൻസ് അടക്കമുള്ള പ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കും, ദക്ഷിണ കൊറിയ, ഉത്തരകൊറിയ, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ 0.3 മീറ്ററിന് താഴെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഒരു മീറ്റർ ഉയരമുള്ള തിരമാല മുന്നറിയിപ്പാണ് ജപ്പാന് നൽകിയിരിക്കുന്നത്.
Content Highlights: Tsunami waves hit japan and russia affter 8.8 magnitude earthquake