
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള പോര് അടുത്ത ഘട്ടത്തിലേക്ക്. രണ്ട് പേരും വഴിപിരിയാൻ കാരണമായ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' പാസാക്കിയാൽ താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് മസ്‌ക് രംഗത്തെത്തി. അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാർട്ടികളല്ലാതെ ഒരു ബദൽ വേണമെന്നും എങ്കിലേ ജനങ്ങൾക്കും ശബ്‌ദിക്കാനാകൂ എന്നും മസ്‌ക് പറഞ്ഞു.
ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ 'കടം അടിമത്ത ബിൽ' എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ കടം ഉയർത്തുന്ന ഈ ബില്ലിനെതിരെ പ്രതിനിധികൾക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്നും മസ്‌ക് ചോദിക്കുന്നുണ്ട്. നേരത്തെ, ട്രംപുമായുള്ള അഭിപ്രായഭിന്നതകൾ രൂക്ഷമായിരിക്കുന്ന സമയത്തുതന്നെ പുതിയ രാഷ്ട്രീയപാർട്ടിയുണ്ടാക്കുമെന്ന് മസ്‌ക് സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് അഭിപ്രായ സർവേയും നടത്തിയിരുന്നു.
ഉടൻ നിയമമായേക്കാവുന്ന ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ തട്ടിയാണ് ട്രംപ് -മസ്‌ക് ബന്ധം ഉലഞ്ഞത്. ബില്ലിനെ 'ഫെഡറൽ കമ്മി വർദ്ധിപ്പിക്കുന്ന വെറുപ്പുളവാക്കുന്ന മ്ലേച്ഛത' എന്നായിരുന്നു മസ്‌ക് വിശേഷിപ്പിച്ചിരുന്നത്. തൻ്റെ സാമ്പത്തിക പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നിയമനിർമ്മാണത്തെ കണക്കാക്കുന്നത്. തുടർന്ന് ജെഫ്രി എപ്‌സ്റ്റീൻ ലൈംഗികാരോപണ കേസുമായി ട്രംപിനെ ബന്ധപ്പെടുത്തി മസ്‌ക് രംഗത്തുവന്നിരുന്നു. ഇരുവരും പരസ്പരം രൂപക്ഷമായ വാഗ്‌വാദത്തിലേർപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം നടന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു മസ്ക്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 250 മില്യൺ ഡോളറിലധികം മസ്ക് സംഭാവന നൽകിയിരുന്നു. ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ചെലവ് ചുരുക്കലിനായി രൂപപ്പെടുത്തിയ ഡോജിൻ്റെ മുഖ്യചുമതലക്കാരനായി മസ്കിനെ നിയമിച്ചിരുന്നു. തൊഴിൽ വെട്ടിക്കുറയ്ക്കൽ അടക്കമുള്ള മസ്കിൻ്റെ പരിഷ്കാരങ്ങൾ വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അഭിപ്രായ ഭിന്നതയെ തുടർന്ന് മസ്ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്ന് രാജിവെച്ചു എന്നായിരുന്നു റിപ്പോർട്ട്.
Content Highlights: musk may form new party if trump passes big beautiful bill