ഇറാന്റെ ചരിത്രമറിയുന്നവർ ഭീഷണിപ്പെടുത്തില്ല, കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ല; ട്രംപിന് ഖമേനിയുടെ മറുപടി

ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലില്‍ പരിഹരിക്കാന്‍ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് ഖമേനി

ഇറാന്റെ ചരിത്രമറിയുന്നവർ ഭീഷണിപ്പെടുത്തില്ല, കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ല; ട്രംപിന് ഖമേനിയുടെ മറുപടി
dot image

തെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലില്‍ പരിഹരിക്കാന്‍ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞതായി ടാസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ടെലിവിഷന്‍ സന്ദേശത്തിലൂടെയാണ് ഖമേനി ലോകത്തെ അഭിസംബോധന ചെയ്തത്. എന്നാല്‍ ഖമേനിക്ക് വേണ്ടി മറ്റൊരാളാണ് പ്രസ്താവന വായിക്കുന്നത്.

ഇറാനികള്‍ കീഴടങ്ങുന്നവരല്ലെന്നും അതറിയാവുന്നര്‍ തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഖമേനി മറുപടി നല്‍കി. 'ഇറാനെയും അവിടുത്തെ മനുഷ്യരെയും ഇറാന്റെ ചരിത്രവും അറിയാവുന്നവര്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കില്ല. കാരണം ഇറാനികള്‍ കീഴടങ്ങുന്നവരല്ല', ഖമേനി വ്യക്തമാക്കി. അടിച്ചേല്‍പ്പിക്കപ്പെട്ട സമാധാനത്തിനെതിരെ നില്‍ക്കുന്നത് പോലെ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധത്തിനെതിരെയും ഇറാന്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ayatollah Ali Khamenei
ആയത്തുള്ള അലി ഖമേനി

ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് നിലവില്‍ ട്രംപ് അവകാശപ്പെടുന്നത്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഖമേനിക്കും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ സുരക്ഷിതനാണ്. ഇപ്പോഴെന്തായാലും അദ്ദേഹത്തെ വധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല', എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് യുഎസും ഇറാനില്‍ നേരിട്ട് ഇടപെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ മാത്രം ആക്രമിക്കാനാണ് യുഎസ് പദ്ധതി എന്നാണ് സൂചന. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും ഇത് സംബന്ധിച്ച് ആശയവിനിമയം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Ayatollah Ali Khamenei warns Donald Trump over Israel Conflict

dot image
To advertise here,contact us
dot image