ഗാസയിലെ ഇസ്രയേൽ ബോംബാക്രമണം: ശിശുരോഗ വിദഗ്ധയുടെ 9 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു; പട്ടിണിമൂലം നാല് വയസുകാരൻ മരിച്ചു

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നസ്സർ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധയായി ജോലി ചെയ്തുവരികയായിരുന്നു അലാ അല്‍ നജ്ജാര്‍

dot image

ഖാന്‍ യൂനിസ്: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഡോക്ടറുടെ പത്ത് കുട്ടികളില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. നസ്സര്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. അലാ അല്‍ നജ്ജാറിന്റെ ഒന്‍പത് കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. മറ്റൊരു കുഞ്ഞും ഭര്‍ത്താവും ഗുരുതര പരിക്കുകളോടെ ബോംബാക്രമണത്തെ അതിജീവിച്ചു.

പരിക്കേറ്റ ഭർത്താവിനെ സന്ദർശിക്കുന്ന ഡോ. അലാ

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നസ്സർ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധയായി ജോലി ചെയ്തുവരികയായിരുന്നു അലാ അല്‍ നജ്ജാര്‍. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു അലാ ജോലിയില്‍ പ്രവേശിച്ചത്. അലായെ ആശുപത്രിയില്‍ എത്തിച്ചശേഷം ഭര്‍ത്താവ് ഹംദി തിരികെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നതെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ഡോ. മുനീര്‍ അല്‍ബോര്‍ഷ് എക്‌സില്‍ കുറിച്ചു. അലായുടെ മൂത്ത കുട്ടിക്ക് പന്ത്രണ്ട് വയസ് മാത്രമാണ് പ്രായമെന്നും ഡോ. അല്‍ബോര്‍ഷ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡോ. അലാത്തിന്റെ മകൻ

പരിക്കേറ്റ അലായുടെ പതിനൊന്നുവയസുള്ള മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസഹനീയമായ ക്രൂരതയെന്നായിരുന്നു യുദ്ധത്തെ അതിജീവിച്ച അലായുടെ മകനെ ആശുപത്രിയില്‍ പരിചരിച്ച ബ്രിട്ടീഷ് സര്‍ജന്‍ ഗ്രയേം ഗ്രൂം പറഞ്ഞത്. വര്‍ഷങ്ങളായി ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിചരിച്ചുവരികയാണ് അലാ. ഒറ്റ മിസൈല്‍ ആക്രമണത്തില്‍ അലായ്ക്ക് സ്വന്തം കുഞ്ഞുങ്ങളെയാണ് നഷ്ടപ്പെട്ടത്. ആക്രമണത്തില്‍ അലായുടെ ഭര്‍ത്താവിന് തലയ്ക്കടക്കം സാരമായി പരിക്കേറ്റിട്ടുണ്ട്. അലായുടെ നിലവിലെ സാഹചര്യം വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും ഡോ. ഗ്രയേം ഗ്രൂമിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ബോംബാക്രമണത്തെ അതിജീവിച്ച അലാത്തിന്റെ ഏക മകൻ

അതേസമയം, ഗാസയില്‍ പട്ടിണിമരണം തുടര്‍ക്കഥയാകുകയാണ്. കുഞ്ഞുങ്ങളാണ് പട്ടിണിമരണത്തിന് ഇരകളാകുന്നതില്‍ അധികവും. കഴിഞ്ഞ ദിവസം പട്ടണിമൂലം നാല് വയസുകാരനായ മൊഹമ്മദ് യാസിന്‍ അതിദാരുണമായി മരണപ്പെട്ടു. ഗാസയില്‍ 70,000 കുട്ടികള്‍ പട്ടിമൂലം മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം നല്‍കുന്ന മുന്നറിയിപ്പ്. അതിനിടെ ഗാസയിലേക്കുള്ള യുഎഇയുടെ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം എന്നാണ് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഗാസയില്‍ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രയേലും യുഎഇയും കഴിഞ്ഞ ദിവസം ധാരണയില്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാസയിലേക്ക് അയച്ച ട്രക്കുകളാണ് കൊള്ളയടിക്കപ്പെട്ടത്.

ഇസ്രയേലിന്റെ കൂട്ടക്കുരുതിയില്‍ ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 79 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പത്ത് കുട്ടികളുണ്ട്. ആശുപത്രി മോര്‍ച്ചറികളില്‍ നിന്നുള്ള കണക്കാണിത്. തെക്കന്‍ ഗാസയില്‍ ഭക്ഷ്യധാന്യം വാങ്ങാനെത്തിയവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

Content Highlights- Israeli airstrike kills nine of Gaza doctor’s 10 children

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us