ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം: ജപ്പാൻ

'ഇന്ത്യയും പാകിസ്താനും കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുന്നതിൽ ആശങ്കയുണ്ട്'

dot image

ടോക്കിയോ: ഏപ്രിൽ 22 ന് കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ അപലപിക്കുന്നതായി ജപ്പാൻ മന്ത്രിസഭാ സെക്രട്ടറി യോഷിമാസ ഹയാഷി. ഇന്ത്യയും പാകിസ്താനും കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുന്നതിലും സൈനിക സംഘർഷത്തിലും ആശങ്കയുണ്ടെന്ന് യോഷിമാസ ഹയാഷി പറഞ്ഞു. ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുന്നു. സംസാരിച്ച് സ്ഥിതിഗതികൾ സുസ്ഥിരമാക്കാനും ജപ്പാൻ മന്ത്രിസഭാ സെക്രട്ടറി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അതേ സമയം, ഇന്ത്യയുടെ നടപടി ഖേദകരമാണെന്ന് ചെെന പ്രതികരിച്ചു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടത്. സ്ഥിതിഗതികൾ ഗുരുതരമാക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റേതാണ് പ്രതികരണം. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേലും രം​ഗത്തെത്തിയിരുന്നു. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ അറിയിച്ചു.

ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്നും സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.

ഇന്ന് പുലർച്ചെ ആയിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.

രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.

Content Highlights: Japan Chief Cabinet Secretary Yoshimasa Hayashi About Operation Sindoor

dot image
To advertise here,contact us
dot image